ലോക്ക് ഡൗണിനിടെ ആശുപത്രിയിലേക്ക് പോയ 17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ഭോപ്പാല്‍: ലോക്ക്ഡൗണിനിടെ ആശുപത്രിയിലേക്ക് പോയ 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഏപ്രില്‍ 18 നായിരുന്നു സംഭവം. കാറിലെത്തിയ രണ്ടു പേര്‍ തട്ടിക്കൊണ്ടുപോയി മൂന്ന് മണിക്കൂറോളം പീഡിപ്പിച്ചെന്ന് കാണിച്ച് പെണ്‍കുട്ടി കഴിഞ്ഞദിവസമാണ് പോലീസില്‍ പരാതി നല്‍കിയത്.

ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഭോപ്പാല്‍ ഗോവിന്ദപുരയില്‍വെച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കാറിലേക്ക് വലിച്ചിഴച്ച് കയറ്റിയ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു. കാര്‍ കടന്നുപോയ വഴിയില്‍ എട്ട് പോലീസ് ചെക്ക്പോയിന്റുകള്‍ ഉണ്ടായിട്ടും കാര്‍ ഇവിടെയൊന്നും നിര്‍ത്തിയില്ലെന്നും പോലീസിന് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 19-നാണ് പെണ്‍കുട്ടി പീഡനത്തെക്കുറിച്ച് പുറത്തുപറഞ്ഞത്. തുടര്‍ന്ന് വിവരമറിഞ്ഞ സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരമടക്കം കേസെടുത്തതായും പ്രതികളെ തിരിച്ചറിഞ്ഞതായും എ.എസ്.പി.(സോണ്‍-1) രജത് സക്ലേച്ച മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News