പുരുഷന്മാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും സ്ത്രീകള്‍ക്ക് ചുരിദാര്‍; ജയില്‍ തടവുകാരുടെ വേഷം മാറ്റുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ജയില്‍ തടവുകാരുടെ വേഷം മാറ്റുന്നു. പുരുഷന്മാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും സ്ത്രീകള്‍ക്ക് ചുരിദാറുമാണ് പുതിയ വേഷം. ജയിലില്‍ മുണ്ട് ഉപയോഗിച്ചുള്ള തൂങ്ങിമരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലില്‍ ഒരു തടവുകാരന്‍ ജീവനൊടുക്കിയിരുന്നു. ഇതിന് പിന്നാലെ ജയില്‍ ഡിജിപി ഋഷിരാജ് സിങ് ആണ് തടവുകാരുടെ വേഷം ടീ ഷര്‍ട്ടും ബര്‍മുഡയും എന്ന ആശയം മുന്നോട്ടുവച്ചത്.

സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ പദ്ധതി നടപ്പിലാക്കുക. വേഷം ഏത് നിറത്തിലായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആദ്യ ഘട്ടമായി കോഴിക്കോട് ജയില്‍ പുള്ളികളാവും വേഷം മാറുക. 200 പുരുഷന്മാരും 15 സ്ത്രീകളുമാണ് ഇവിടെ തടവുകാരായി ഉള്ളത്. വസ്ത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ള സ്വകാര്യ കമ്പനികള്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെടണം. ഒരാള്‍ക്ക് 2 ജോഡി വസ്ത്രമാണ് നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News