ലണ്ടൻ: ചാൾസ് രാജകുമാരനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു. സെന്റ് ജെയിംസ് കൊട്ടരത്തിലാണ് പ്രഖ്യാപനം നടന്നത്. രാജാവിനെ പ്രഖ്യാപിക്കുന്ന ആക്സെഷൻ കൗൺസിലിന്റെ പ്രതിനിധിയാണ് എഴുപത്തിമൂന്നുകാരനായ ചാൾസിനെ പുതിയ രാജാവായി പ്രഖ്യാപിച്ചത്. സെന്റ് ജെയിംസ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ പെരുമ്പറകളുടെ അകമ്പടിക്കിടയിലായിരുന്നു പ്രഖ്യാപനം. പിന്നാലെ ലണ്ടനിൽ പ്രിവി കൗൺസിലിന് മുന്നിൽ ചാൾസ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചാൾസിന്റെ ഭാര്യ കാമില്ല സാക്ഷിയായി ഒപ്പിട്ടു. രാജാവായി പ്രഖ്യാപിക്കപ്പെട്ടതോടെ കിംഗ് ചാൾസ് മൂന്നാമൻ എന്നാകും ഇനി അദ്ദേഹത്തിന്റെ വിശേഷണം.
700 ഓളം പേർ ചടങ്ങിൽ പങ്കെടുത്ത ചടങ്ങിലാണ് ചാൾസിന്റെ സ്ഥാനാരോഹണം നടന്നത്. ബ്രിട്ടീഷ് പാർലമെന്റ് ചേർന്ന് എംപിമാർ പിന്തുണ അറിയിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. ഞായറാഴ്ച ചാൾസ് രാജാവും ക്വീൻസ് കൺസോർട്ട് കാമിലയും ഹോളിറൂഡിലെ വസതിയിലെത്തി 21 തോക്കുകളുടെ റോയൽ സല്യൂട്ട് ഏറ്റുവാങ്ങും. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചാൾസ് നേരത്തെ തന്നെ രാജ ചുമതലകൾ ഏറ്റെടുത്തിരുന്നു.