തിരുവനന്തപുരം:കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് ഇന്നലെ മരിച്ച നാലാഞ്ചിറ സ്വദേശിയായ വൈദികൻ ഫാ. കെ.ജി. വർഗീസിന് (77) വൈറസ് ബാധയേറ്റത് തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നിന്ന്. ഒന്നര മാസത്തോളം മുമ്പ് ബൈക്ക് അപടകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെടുകയും, ഒരു മാസക്കാലം അവിടെ ചികിത്സയിൽ കഴിയുകയും ചെയ്ത വൈദികന് ഈ കാലയളവിലാണ് മാരകമായ കൊവിഡ് രോഗം പകർന്നതെന്നാണ് സൂചനകൾ
ശ്വാസകോശത്തിലെയും രക്തത്തിലെയും അണുബാധ കാരണം ആന്തരാവയവങ്ങളുടെ പ്രവർത്തനം നിലച്ച് ഇന്നലെ പുലർച്ചെ 5.20 ന് മരിച്ച ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നതായി ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്.
ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്ന ഐസൊലേഷൻ വാർഡിനു സമീപത്തു തന്നെ വാർഡിൽ നിന്നുള്ള മാലിന്യങ്ങൾ പ്‌ളാസ്റ്റിക് ബാഗിലാക്കി കുന്നുകൂട്ടിയിട്ടിരിക്കുന്നത് അണുപ്രസരത്തിന് വഴിവയ്ക്കുമെന്ന് ആക്ഷേപമുയർന്നിരുന്നു.
കൊവിഡ് രോഗികൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റു വസ്തുക്കളും ഉൾപ്പെടെയുള്ള മലിനവസ്തുക്കൾ ദിവസവും നൂറുകണക്കിനു പേർ വാർഡിലേക്കു കയറിയിറങ്ങുന്ന വഴിയിൽത്തന്നെ നിക്ഷേപിക്കുന്നത് രോഗവ്യാപനത്തിന് വഴിവയ്ക്കുമെന്ന് വിമർശനമുയർന്നിരുന്നു.
ഫാ.റെജി ലൂക്കോസിന്റെ സംസ്‌കാര ശുശ്രൂഷയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ ഏപ്രിൽ 20 നാണ് ഫാ. കെ.ജി. വർഗീസിന് ബൈക്ക് അപകടത്തിൽ പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് മെയ് 20 വരെ ഇദ്ദേഹം ഇവിടെ ചികിത്സയിൽ തുടർന്നതായി ആരോഗ്യവകുപ്പിന്റെ പത്രക്കുറിപ്പു തന്നെ വ്യക്തമാക്കുന്നുണ്ട്. പിന്നീടാണ് തുടർചികിത്സയ്ക്കായി വൈദികനെ പേരൂർക്കടയിലെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. ഹൃദയമിടിപ്പിലെ വ്യതിയാനവും ശ്വാസതടസ്സവും കാരണം ഇദ്ദേഹത്തെ മേയ് 31 ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ന്യൂമോണിയ സ്ഥിരീകരിച്ചതിനാൽ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും, പരിശോധനാഫലം എത്തിയത് ഇന്നലെ ഉച്ചയ്ക്കാണ്. വൈദികന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് നടത്തിയത്. വൈദികന്റെ സംസ്‌കാരവും കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുതന്നെ. ഒരു മാസക്കാലം മെഡിക്കൽ കോളേജിൽത്തന്നെ ചികിത്സയിലുണ്ടായിരുന്ന വൈദികന് കൊവിഡ് ബാധിച്ചത് എവിടെനിന്നെന്ന് വ്യക്തമല്ലെന്നാണ് മരണവിവരം പുറത്തുവിട്ട് ആരോഗ്യവകുപ്പ് മാദ്ധ്യമങ്ങൾക്കു നൽകിയ പത്രക്കുറിപ്പിൽ പറയുന്നത്.