മഞ്ഞ കാര്‍ഡുകാര്‍ക്ക് 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും സൗജന്യം; വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ജൂണിലെ റേഷന്‍ വിഹിതം അറിയാം
തിരുവനന്തപുരം: ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് വിവിധ വിഭാഗങ്ങള്‍ക്കുള്ള ജൂണ്‍ മാസത്തെ റേഷന്‍ വിഹിതത്തിന്റെ അളവ് പ്രസിദ്ധീകരിച്ചു. അന്ത്യോദയ അന്ന യോജന (എഎവൈ മഞ്ഞ കാര്‍ഡ്) വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായും ഒരു കിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും.
മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് (പിങ്ക് കാര്‍ഡ്) കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കും. ഇരു വിഭാഗങ്ങള്‍ക്കും പിഎംജികഐവൈ പദ്ധതി പ്രകാരം കാര്‍ഡിന് ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല സൗജന്യമായി ലഭിക്കും. ഏപ്രില്‍, മേയ് മാസങ്ങളില്‍ ലഭിക്കാത്തവര്‍ക്ക് അതുകൂടി ചേര്‍ത്ത് ചേര്‍ത്ത് മൂന്ന് കിലോ ലഭിക്കും. 21 മുതല്‍ പിഎംജികഐവൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ചു കിലോ അരി വീതം സൗജന്യമായും ലഭിക്കും.
പൊതുവിഭാഗം സബ്‌സിഡി (നീല കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കില്‍ ലഭിക്കും. പൊതു വിഭാഗത്തില്‍ (വെള്ള കാര്‍ഡ്) പെട്ടവര്‍ക്ക് കാര്‍ഡിന് രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. ഇരു വിഭാഗത്തിനും കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭ്യതയ്ക്കനുസരിച്ച് ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട ലഭിക്കും. അധിക വിഹിതമായി 10 കിലോ അരി കിലോയ്ക്ക് 15 രൂപ നിരക്കില്‍ എട്ട് മുതലും വിതരണം ചെയ്യും.
എല്ലാവിഭാഗത്തിലെയും വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ കാര്‍ഡിന് നാല് ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ കാര്‍ഡിന് അരലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 20 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്നും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.