ചെന്നൈ:നടൻ, സംഗീതസംവിധായകൻ, ഗായകൻ എന്നീ നിലകളിൽ തിളങ്ങുന്ന പ്രേംജി അമരൻ തമിഴ് സിനിമയിലെ ഒരു ഓൾ റൗണ്ടറാണ്. സഹോദരനും സംവിധായകനുമായ വെങ്കട്ട് പ്രഭുവിന്റെ എല്ലാ ചിത്രങ്ങളിലും ഹാസ്യ നടനായാണ് പ്രേംജി അമരൻ അഭിനയിച്ചത്. സംവിധായകനും സംഗീത സംവിധായകനുമായ ഗംഗൈ അമരന്റെ മകനാണ് പ്രേംജി. പ്രേംജിയുടെ പേര് ഒരു സ്പെല്ലിങ് മിസ്റ്റേക്കിൽ ഉണ്ടായതാണ്. പ്രേം എന്നായിരുന്നു താരത്തിന്റെ പേര്. ഇൻഷലായി അച്ഛൻ ഗംഗൈ അമരന്റെ പേരിന്റെ ആദ്യത്തെ ലെറ്റർ ജിയും ചേർത്തിരുന്നു.
പിന്നീട് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ആളുകൾ പ്രേംമിനൊപ്പം ജി കൂടി ചേർത്ത് വായിച്ച് പ്രേംജിയെന്ന് വിളിക്കാൻ തുടങ്ങി. 2003 മുതലാണ് സിനിമയിൽ പ്രേംജി സജീവമായി തുടങ്ങിയത്. സംഗീത സംവിധായകൻ ഇളയരാജ പ്രേംജിയുടെ ബന്ധുവാണ്. നാൽപത്തിമൂന്നുകാരനായ പ്രേംജി അവിവാഹിതനാണ്. എന്നാൽ താരം രഹസ്യമായി വിവാഹം കഴിച്ചുവെന്ന തരത്തിലാണ് വാർത്തകൾ വരുന്നത്.
നടന്റെ കാമുകിയും ഗായികയുമായ വിനൈതയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. പ്രേംജിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് വിനൈത സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. പ്രേംജിയെ കെട്ടിപിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് റീയൂണിറ്റഡ് വിത്ത് പുരുഷൻ എന്നാണ് വിനൈത ക്യാപ്ഷൻ കൊടുത്തത്. പുരുഷനെന്നാൽ മലയാളത്തിൽ ഭർത്താവ് എന്നാണ് അർഥം. വിവാഹിതരാകാതെ എങ്ങിനെയാണ് പുരുഷൻ എന്ന് പ്രേംജിയെ വിനൈത വിശേഷിപ്പിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
വിനൈതയുടെ പോസ്റ്റ് വൈറലായതോടെ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരിക്കും എന്ന നിഗമനത്തിലാണ് ആരാധകർ എത്തിയത്. അടുത്തിടെ വിവാഹത്തെ കുറിച്ച് അഭിമുഖത്തിൽ വെച്ച് ചോദിച്ചപ്പോൾ തന്റെ കുടുംബം തനിക്ക് അനുയോജ്യയായ പങ്കാളിയെ കണ്ടെത്താനുള്ള തിരച്ചിലിലാണെന്നും താൻ ആ ഒരാൾക്കായി കാത്തിരിക്കുകയാണെന്നും പ്രേംജി വെളിപ്പെടുത്തിയിരുന്നു. വിനൈതയെ ചേർത്ത് നിർത്തി സെൽഫിക്ക് പോസ് ചെയ്യുന്ന പ്രേംജിയുടെ ചിത്രം അടുത്തിടെ മനോഹരമായ കുറിപ്പോടെ വിനൈത പങ്കുവെച്ചിരുന്നു. ഫോട്ടോ ഞൊടിയിടയിൽ വൈറലായി.
ഇതോടെയാണ് ഇരുവരും പ്രണയത്തിലാണോ എന്ന റൂമറുകൾ കൂടുതലായി പ്രചരിക്കാൻ തുടങ്ങിയത്. ‘നിന്റെ കണ്ണുകളിൽ നീ എന്നെ ചേർത്ത് പിടിച്ചിരിക്കുന്നത് എനിക്ക് കാണാൻ സാധിക്കുന്നുണ്ട്. അതിനാൽ ഇരുട്ടിലും നിന്റെ കൈകളുടെ സുരക്ഷിതത്വത്തിൽ ഞാൻ നൃത്തം ചെയ്യും’ എന്നാണ് പ്രേംജിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് വിനൈത കുറിച്ചത്. കാതൽ സെയ് വേൻ എന്ന പോപ്പുലർ ഗാനത്തിലൂടെ തമിഴകത്ത് കാലുറപ്പിച്ച ഗായികയാണ് മുപ്പത്തിമൂന്നുകാരിയായ വിനൈത ശിവകുമാർ. തമിഴിലെ മനോഹരമായ മെലഡി ഗാനങ്ങൾക്ക് കവർ സോങ് ഒരുക്കിയും ആസ്വദകർക്കിടയിൽ ശ്രദ്ധേയയായ ഗായിക കൂടിയാണ് വിനൈത.
1997ൽ സിനിമ സംവിധാനം ചെയ്യാൻ പ്രേംജി ആരംഭിച്ചിരുന്നുവെങ്കിലും ഉദ്യമം വിജയം കണ്ടില്ലെന്ന് മാത്രമല്ല സിനിമ പാതി വഴിയിൽ നിന്നുപോകുകയും ചെയ്തിരുന്നു. സിമ്പു സിനിമ വല്ലവനിലെ ലൂസ് പെണ്ണേ എന്ന ഗാനം മുമ്പ് പ്രേംജി റീമിക്സ് ചെയ്തപ്പോൾ വലിയ സ്വീകാര്യത ആസ്വാദകർക്കിടയിൽ നിന്ന് ലഭിച്ചിരുന്നു. വല്ലവൻ സിനിമയിലൂടെ തന്നെയാണ് പ്രേംജി സിനിമയിലേക്ക് അരങ്ങേറിയത്. മങ്കാത്ത, സേട്ടയ്, മാനാട്, ചെന്നൈ600028, ഗോവ തുടങ്ങിയ സിനിമകളിലാണ് പ്രേംജി അഭിനയിച്ച് ശ്രദ്ധ നേടിയ സിനിമകൾ.
മാനാടിലും സിമ്പുവായിരുന്നു നായകൻ. ടൈം ലൂപ്പ് പ്രമേയമായ സിനിമ സംവിധാനം ചെയ്തത് വെങ്കട് പ്രഭുവായിരുന്നു. ശിവകാർത്തികേയൻ നായകനായ പ്രിൻസാണ് ഏറ്റവും അവസാനം പ്രേംജി അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. സിനിമ വേണ്ടത്ര വിജയം നേടിയില്ല. ഭൂപതി എന്നായിരുന്നു പ്രേംജി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.