<p>കണ്ണൂര്‍: കേരളത്തിലേക്ക് വന്ന ഒന്പത് മാസം ഗര്‍ഭിണിയായ മലയാളി അതിര്‍ത്തിയില്‍ മണിക്കൂറുകളോളം കുടുങ്ങി. ബാംഗ്ലൂരില്‍ നിന്നുമാണ് കണ്ണൂര്‍ സ്വദേശിനിയായ ഷിജില വന്നത്. ഇന്നലെ രാത്രി അതിര്‍ത്തിയില്‍ കുടുങ്ങി. കേരളത്തിലേക്ക് എത്തിയ ഇവര്‍ വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ 6 മണിക്കൂര്‍ കാത്തിരുന്നിട്ടും അതിര്‍ത്തി കയറ്റി വിട്ടില്ല.</p>
<p>തുടര്‍ന്ന് ഇവര്‍ ബാംഗ്‌ളൂര്‍ക്ക് തന്നെ മടങ്ങി. എന്നാല്‍ വഴിയില്‍ കര്‍ണാടക പൊലീസും തടഞ്ഞതോടെ ഇന്നലെ രാത്രി കൊല്ലഗല്‍ എന്ന സ്ഥലത്ത് റോഡില്‍ കാറില്‍ കഴിയുകയായിരുന്നു. 20 മണിക്കൂറുകളായി ഇപ്വപോഴും വഴിയരികില്‍ കാറില്‍ കഴിയുകയാണിവര്‍.</p>
<p>വയനാട് കലക്ടര്‍ മുഖാന്തിരം അതിര്‍ത്തി കടത്താനുള്ള അനുമതി ശരിയാക്കിയതായി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കേരള അതിര്‍ത്തിയിലേക്ക് എത്തിയതെന്ന് ഇവര്‍ പറയുന്നു.ബംഗ്ലൂരു കമ്മീഷന്‍ നല്‍കിയ യാത്ര അനുമതിയുടെ അടിസ്ഥാനത്തിലാണ് ബംഗ്ലൂരുവില്‍ നിന്നും മുത്തങ്ങയിലേക്ക് എത്തിയത്. എന്നാല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന തഹസില്‍ദാര്‍ ചുമതലയിലുണ്ടായിരുന്നയാള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയെന്നും അതിര്‍ത്തി കടത്തിവിടാന്‍ കൂട്ടാക്കിയില്ലെന്നും മടക്കി അയച്ചതായും ഇവര്‍ ആരോപിച്ചു.</p>
<p>അതിര്‍ത്തി കടത്തിയില്ലെന്നതിനേക്കാള്‍ ഗര്‍ഭിണിയെന്ന് അറിഞ്ഞിട്ടും മോശമായി പെരുമാറിയതാണ് കൂടുതല്‍ വേദനിപ്പിച്ചത്. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഭക്ഷണമടക്കം തന്ന് സഹായിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.</p>