മിണ്ടാപ്രാണിയോട് വീണ്ടും കൊടുംക്രൂരത; റാന്നിയില്‍ ഗര്‍ഭിണിയായ പശുവിനെ കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു

റാന്നി: അടുത്ത കുറച്ചു ദിവസങ്ങളായി മിണ്ടാപ്രാണികളോടുള്ള കൊടുംക്രൂരതകളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നത്. നായയെ ഓടുന്ന കാറിന് പിന്നില്‍ കെട്ടിവലിച്ചുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ കുറച്ചൊന്നുമല്ല മലയാളികളെ വേദനിപ്പിച്ചത്.

ഏറ്റവും ഒടുവില്‍ റാന്നിയില്‍ നിന്ന് പുറത്തുവരുന്ന ഒരു വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് കേരളീയര്‍. റാന്നി പൊന്നമ്പാറയില്‍ സുന്ദരേശന്റെ എട്ട് മാസം ഗര്‍ഭിണിയായിരുന്ന പശുവിനെയാണ് കഴിഞ്ഞ രാത്രിയില്‍ സാമുഹിക വിരുദ്ധര്‍ മരത്തിനോട് ചേര്‍ത്ത് കഴുത്തില്‍ കയര്‍മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

സംഭവത്തില്‍ പശുവിന്റെ ഉടമസ്ഥന്‍ സുന്ദരേശന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പശു റബ്ബര്‍ ബോര്‍ഡിന്റെ തോട്ടത്തില്‍ കയറിയെന്നാരോപിച്ച് വാച്ചര്‍ പശുവിനെ അഴിച്ച് ബി ഡിവിഷന്‍ ഓഫീസില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് പോലീസ് എത്തി പ്രശ്നം പരിഹരിച്ചാണ് സുന്ദരേശന് പശുവിനെ കൈമാറിയത്.

തുടര്‍ന്ന് വീട്ടിലെത്തിച്ച പശുവിനെ രാത്രിയില്‍ വീടിന് സമീപത്തെ മരത്തിലാണ് കെട്ടിയിരുന്നത്. രാവിലെ ഭക്ഷണം കൊടുക്കാന്‍ നോക്കുമ്പോഴാണ് പശുവിനെ തൂക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് നേരത്തേയും പരാതി ഉയര്‍ന്നിരുന്നു. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News