കൊടുങ്ങല്ലൂര്‍: ദേശീയപാതയില്‍ വണ്ടിയിടിച്ച് ജീവന്‍ നഷ്ടപ്പെട്ട തള്ളപ്പൂച്ചയില്‍ നിന്ന് നാല് കുഞ്ഞുങ്ങളെ വേര്‍പെടുത്തി രക്ഷിച്ചു. പാമ്പുപിടിത്തക്കാരനായ മതിലകം തൃപ്പേക്കുളം സ്വദേശി ഹരിയാണ് കുഞ്ഞുങ്ങളെ രക്ഷപെടുത്തിയത്.
കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തിയില്‍ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം. വനംവകുപ്പിന്റെ അംഗീകൃത പാമ്പുപിടിത്തക്കാരനാണ് ഹരി. പുല്ലൂറ്റ് ഭാഗത്ത് പാമ്പിനെ പിടിക്കാന്‍ പോയി മടങ്ങുന്ന വഴിയാണ് തലയില്‍ വണ്ടിയിടിച്ച് ചത്തനിലയില്‍ പൂച്ചയെ കണ്ടത്. മറ്റു വണ്ടികള്‍ കയറി അരഞ്ഞുപോകാതിരിക്കാനും മറ്റ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുമായി വണ്ടി നിര്‍ത്തി പൂച്ചയെ എടുത്തപ്പോഴാണ് വയറ്റില്‍ അനക്കം തിരിച്ചറിഞ്ഞത്.
ജീവന്‍ നഷ്ടപ്പെട്ട പൂച്ച ഗര്‍ഭിണിയാണെന്ന് മനസ്സിലായ ഉടനെ അവിടെയുണ്ടായിരുന്ന എസ്എന്‍ പുരം ദീപന്‍ എന്ന സുഹൃത്തിന്റെ സഹായത്തോടെ കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി ശ്രദ്ധയോടെ വയറുകീറി നാല് കുഞ്ഞുങ്ങളെയും പുറത്തെടുത്തു. കുഞ്ഞുങ്ങളുടെ ശരീരമാകെ തുടച്ച് വൃത്തിയാക്കി തുണിയില്‍ പൊതിഞ്ഞ് വീട്ടിലേക്ക് കൊണ്ടുപോയി. ചത്ത തള്ളപ്പൂച്ചയെ സമീപത്തുതന്നെ കുഴിച്ചിടുകയും ചെയ്തു.