19കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് സമ്മതത്തോടെയെന്ന് 15കാരി; ശിക്ഷ റദ്ദാക്കി ഹൈക്കോടതി

മുംബൈ: പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തര്‍ക്കവിഷയമാണെന്ന് ബോംബെ ഹൈക്കോടതി. 15 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെച്ച കേസില്‍ 19കാരനെ ശിക്ഷിച്ച വിധി താല്‍ക്കാലികമായി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് സമ്മതത്തോടെയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെയാണ് ശിക്ഷ റദ്ദാക്കിയത്.

18 വയസ്സില്‍ താഴെയുള്ളവരെ കുട്ടികളായാണു നിയമം കണക്കാക്കുന്നത്. തന്റെ സമ്മതത്തോടെയാണു കാമുകന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് ഇവര്‍ പറഞ്ഞാല്‍ നിയമത്തിന്റെ കണ്ണില്‍ സാധുതയില്ല. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതില്‍ പോക്‌സോ നിയമം നിര്‍ണായകമാണ്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തര്‍ക്കവിഷയമായി തുടരുന്നുവെന്നും കോടതി പറഞ്ഞു.

പെണ്‍കുട്ടി നേരത്തേ എഫ്ഐആറില്‍ നല്‍കിയ മൊഴി മാറ്റിയതും ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അഭാവവുമാണ് ശിക്ഷ റദ്ദാക്കുന്നതിന് കാരണങ്ങളായി കോടതി പറഞ്ഞത്. തന്റെ സമ്മതത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നാണു പെണ്‍കുട്ടിയുടെ പുതിയ മൊഴി. കീഴ്ക്കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ വിചാരണ തുടരും. പ്രതിക്ക് ജാമ്യം അനുവദിച്ച കോടതി വിചാരണ ദിവസങ്ങളില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News