31.1 C
Kottayam
Wednesday, May 15, 2024

പക്ഷിപ്പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

Must read

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും അതീവ ജാഗ്രതയോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്താണ് പക്ഷിപ്പനി

പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി. എന്നാല്‍ ചില ഘട്ടങ്ങളില്‍ മനുഷ്യരിലേയ്ക്ക് പകരാന്‍ കഴിയും വിധം വൈറസിനു രൂപഭേദം സംഭവിക്കാം. കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാര പക്ഷികള്‍ എന്നിവയുമായി അടുത്തിടപഴകുന്നവര്‍ക്ക് രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തുപക്ഷികളുമായി ഇടപഴകുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ഇത് വ്യാപകമാകാതിരിക്കാനും മനുഷ്യരിലേക്ക് പകരുന്നത് ഒഴിവാക്കാനും രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ മുഴുവന്‍ പക്ഷികളേയും ശാസ്ത്രീയമായി കൊന്ന് സംസ്‌കരിക്കണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങള്‍ നടപ്പിലാക്കുക. നേരത്തെ തീരുമാനിച്ച് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വച്ച് വ്യക്തിഗത സുരക്ഷിത മാര്‍ഗങ്ങളായ കൈയുറകള്‍, മാസ്‌കുകള്‍, ഗോഗിളുകള്‍, ഏപ്രണുകള്‍, ഷൂ, കവറുകള്‍, തൊപ്പി തുടങ്ങിയ ഉപയോഗിച്ച് സുരക്ഷിതരായ പരിശീലനം നല്‍കിയ മൃഗസംരക്ഷണവകുപ്പ് ജീവനക്കാര്‍ ഇത്തരം കാര്യം ചെയ്യും. തുടര്‍ന്ന് പക്ഷികളുടെ ജഡം കത്തിച്ചുകളയുകയോ ആഴത്തില്‍ കുഴിയെടുത്ത് മൂടുകയോ ആണ് ചെയ്യുക.

രോഗനിയന്ത്രണത്തിന്റെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കിയ ഒരു കിലോമീറ്റര്‍ ചുറ്റളവിലും അതിന് പുറത്തുള്ള ഒന്‍പത് കിലോമീറ്റര്‍ ചുറ്റളവിലും മനുഷ്യരിലേക്ക് രോഗം വ്യാപിക്കുന്നുണ്ടോയെന്നറിയാനുള്ള രോഗ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തിലും ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും നടത്തും.

രോഗബാധയുണ്ടായ പ്രദേശത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ 10 ദിവസത്തോളം പനിയുള്ളവരെ നിരീക്ഷിക്കേണ്ട പ്രക്രിയ തുടരണം. സംശയാസ്പദമായ രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയിലെ സ്രവം പരിശോധിച്ച് മനുഷ്യരിലേക്ക് രോഗം പകരുന്നുണ്ടോയെന്ന് നിരീക്ഷിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week