ലക്‌നൗ:രാജ്യത്തെ ഹൈന്ദ ആദ്ധ്യാമികേ മേഖലകളെ ഒന്നടങ്കം ഞെട്ടിച്ച വിയോഗമായിരുന്നു അഖില ഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടേത്.മരണവുമായി ബന്ധപ്പെട്ടു ‘പ്രിയ ശിഷ്യന്‍’ ആനന്ദ് ഗിരിയെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലിലാണു വിശ്വാസികള്‍. കൊണ്ടുനടന്നു വളര്‍ത്തിയ ശിഷ്യന്‍തന്നെ ഗുരുവിന്റെ ജീവനെടുത്തെന്ന ക്രൂരതയാണു വെളിപ്പെടുന്നത്. ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെന്നതാണു നിലവില്‍ ആനന്ദ് ഗിരിക്കെതിരെ ആരോപിച്ചിട്ടുള്ള കുറ്റം. അലഹാബാദിലെ ബഗ്ഗാംബരി ഗഡ്ഡി മഠത്തില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണു സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ നരേന്ദ്ര ഗിരിയുടെ മൃതദേഹം കണ്ടത്. ആരാണ് ആനന്ദ് ഗിരി? ഗുരുവിനെ ആത്മഹത്യയിലേക്കു നയിക്കാന്‍ മാത്രം ശക്തനാണോ അയാള്‍? സംഭവബഹുലമാണ് ആനന്ദ് ഗിരിയുടെ ജീവിതം.
72 വയസ്സുള്ള നരേന്ദ്ര ഗിരിയുടേതായി കണ്ടെത്തിയ ആത്മഹത്യാ കുറിപ്പാണ് ആനന്ദ് ഗിരിയിലേക്ക് പൊലീസിനെ എത്തിച്ചത്. മാനസിക സംഘര്‍ഷത്താല്‍ ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. മഠത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു വില്‍പത്ര രൂപത്തിലുള്ള പരാമര്‍ശങ്ങളും കുറിപ്പിലുണ്ട്. ശിഷ്യരിലൊരാളായ ആനന്ദ് ഗിരി മാനസികമായി പീഡിച്ചിരുന്നതായി കുറിപ്പില്‍ പരാമര്‍ശമുണ്ടെന്നു പ്രയാഗ്രാജ് ഐജി: കെ.പി.സിങ് പറഞ്ഞു. ചില തര്‍ക്കങ്ങളെത്തുടര്‍ന്ന് ആനന്ദ് ഗിരിയെ മഠത്തില്‍നിന്നു പുറത്താക്കിയിരുന്നു. നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിനുപിന്നില്‍ ആരുടെയോ കയ്യുണ്ടെന്നും ബിജെപി നേതാവും മുന്‍ ലോക്‌സഭാംഗവുമായ റാം വിലാസ് വേദാന്തിയും ആരോപിച്ചതോടെ ആനന്ദിനെതിരായ കരുക്കള്‍ മുറുകി.
ബാലനായിരിക്കുമ്പോഴേ തന്റെ ശ്രദ്ധയില്‍പ്പെട്ട ആനന്ദിനെ വളര്‍ത്തി വലുതാക്കിയത് നരേന്ദ്ര ഗിരിയാണ്. ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍നിന്നു ബഗ്ഗാംബരി മഠത്തിലേക്കു നരേന്ദ്ര ഗിരി കൊണ്ടുവരുമ്പോള്‍ ആനന്ദിന് 12 വയസ്സാണ്. ഗുരുവിന്റെ ആത്മഹത്യയ്ക്കു കാരണക്കാരനായി ജയിലില്‍ കിടക്കുന്ന ആനന്ദിന് ഇപ്പോള്‍ വയസ്സ് 38. രാജസ്ഥാനിലെ ബില്വാര സ്വദേശിയാണ് ഇയാള്‍. നരേന്ദ്ര ഗിരി ഉള്‍പ്പെട്ടിരുന്ന പുരാതന സന്യാസ ക്രമമായ ശ്രീ പഞ്ചായത്തി അഖാഡ നിരഞ്ജനിയില്‍ 2007ല്‍ ആണ് അദ്ദേഹത്തെ ഔപചാരികമായി ഉള്‍പ്പെടുത്തിയത്.
സ്വത്ത് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ നരേന്ദ്ര ഗിരിയുമായി തര്‍ക്കമുണ്ടാകുന്നതിനു മുന്‍പ്, പ്രയാഗ്രാജിലെ പ്രശസ്തമായ ബഡെ ഹനുമാന്‍ ക്ഷേത്രത്തില്‍ ‘ഛോട്ടെ മഹാരാജ്’ എന്ന പേരിലാണ് ആനന്ദ് അറിയപ്പെട്ടിരുന്നത്. അത്രയ്ക്കായിരുന്നു സ്വാധീനം. കാലക്രമേണ, യോഗയിലൂടെ സ്വന്തം അനുയായികളെയും വളര്‍ത്തിയെടുത്ത് ആനന്ദ് പേരെടുത്തു. യോഗാ തന്ത്രത്തില്‍ പിഎച്ച്ഡി ഉണ്ടെന്നാണ് അവകാശവാദം. തട്ടിപ്പുകളും കണ്‍കെട്ടുകളും കൂടപ്പിറപ്പാണെന്നും വിമര്‍ശനമുണ്ട്.
വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍നിന്നു സംസ്‌കൃതം, ആയുര്‍വേദം, വേദങ്ങള്‍ എന്നിവ ഔപചാരികമായി പഠിച്ചുവെന്നും ഇതില്‍ ബിരുദം നേടിയിട്ടുണ്ടെന്നുമാണ് ആനന്ദ് വിശ്വസിപ്പിച്ചിട്ടുള്ളത്. ആര്‍ക്കുമത്ര ഉറപ്പില്ല. ആത്മീയ യോഗ്യതകളേക്കാള്‍ ഉല്ലാസ ജീവിതമാണ് ആനന്ദിനെ പ്രശസ്തനാക്കിയത്. ആഡംബര കാറുകളിലും വിദേശ രാജ്യങ്ങളിലുമുള്ള ആനന്ദിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ത്യാഗനിര്‍ഭരമായ സന്യാസത്തിനു നേര്‍വിരുദ്ധമാണ് ജീവിതശൈലിയെന്നു വിമര്‍ശനമുയര്‍ന്നെങ്കിലും ആനന്ദ് കുലുങ്ങിയില്ല.
ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സര്‍വകലാശാലകളില്‍ ഗെസ്റ്റ് ലക്ചററായി യോഗ പഠിപ്പിക്കുന്ന ആനന്ദ് ശിഷ്യഗണങ്ങളെ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്കിടെ, മദ്യഗ്ലാസ് ആനന്ദിന്റെ സമീപത്തിരിക്കുന്ന ചിത്രം പ്രചരിച്ചു. ഇതും വലിയ ചര്‍ച്ചയായി. വിവാദം കൊടുമ്പിരി കൊണ്ടപ്പോള്‍, ഗ്ലാസിലുണ്ടായിരുന്നത് ആപ്പിള്‍ ജ്യൂസ് ആണെന്നു പറഞ്ഞ് ആനന്ദ് തടിതപ്പി. സ്ത്രീകളോടുള്ള സമീപനത്തിലും ദുഷ്‌പേരുണ്ട് ഈ സ്വാമിക്ക്.
മോശമായി പെരുമാറിയെന്ന് ആരോപിച്ച് 2016ലും 2018ലും രണ്ടു സ്ത്രീകള്‍ ആനന്ദിനെതിരെ ഓസ്‌ട്രേലിയയില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് 2019 മേയില്‍ ആനന്ദ് ഗിരിയെ സിഡ്‌നി പൊലീസ് അറസ്റ്റ് ചെയ്യുകയും ഓസ്‌ട്രേലിയന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഇത്രയൊക്കെ കുഴപ്പങ്ങള്‍ കയ്യിലുള്ളപ്പോഴും തന്റെ ശിഷ്യനെ നരേന്ദ്ര ഗിരി അക്കാലത്തു പിന്തുണച്ചിരുന്നു എന്നതു ശ്രദ്ധേയമാണ്.
കുടുംബവുമായുള്ള ബന്ധം തുടര്‍ന്ന്, സന്യാസിമാര്‍ക്കുള്ള പെരുമാറ്റച്ചട്ടങ്ങളുടെ ഗുരുതരമായ ലംഘനവും ആനന്ദ് പരസ്യമായി നടത്തി. ക്ഷേത്ര ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളില്‍ ആനന്ദിനു പങ്കുണ്ടെന്ന ആരോപണവും സത്യമാണെന്ന് അക്കാലത്തെ അഖാര സെക്രട്ടറി ശ്രീ മഹന്ത് സ്വാമി രവീന്ദ്ര പുരി പറയുന്നു. ഇതേത്തുടര്‍ന്നാണ് ആനന്ദിനെ മഠത്തില്‍നിന്നും നിരഞ്ജനി അഖാരയില്‍നിന്നും പുറത്താക്കിയത്.
പിന്നാലെ, നരേന്ദ്ര ഗിരിക്കും മഠത്തിനുമെതിരെ ആനന്ദ് പടയൊരുക്കം ആരംഭിച്ചു. മഠത്തിന്റെ സ്വത്തുക്കള്‍ നരേന്ദ്ര ഗിരി വില്‍ക്കുന്നുവെന്ന് ആരോപണം അന്തരീക്ഷത്തിലേക്കു വിട്ടു. ആനന്ദിന്റെ ആരോപണങ്ങള്‍ ഏറ്റെടുത്ത അനുയായികള്‍, നരേന്ദ്ര ഗിരിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണവും കൊഴുപ്പിച്ചു. വിഷയം കൈവിട്ടു പോകുന്നതില്‍ വിഷമത്തിലായ നരേന്ദ്ര ഗിരി, സന്ധി സംഭാഷണത്തിനു തയാറായി. ഒടുവില്‍, ആനന്ദിനോടു ക്ഷമിക്കുന്നതായി നരേന്ദ്ര ഗിരി പ്രഖ്യാപിച്ചു. ബഡെ ഹനുമാന്‍ ക്ഷേത്രത്തിലും ബഗ്ഗാംബരി മഠത്തിലും പ്രവേശിക്കുന്നതിനു ശിഷ്യന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുകയും ചെയ്തു. ആനന്ദ് വീണ്ടും നരേന്ദ്രയുമായി അടുത്തു, ഗുരുവിന്റെ കാലില്‍ വീണു ക്ഷമ യാചിച്ചു.
p>രാജ്യത്തെ സന്യാസിമാരില്‍ പ്രമുഖനായ നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹത്തിന്റെ അനുയായികളും വിശ്വാസികളും കരുതുന്നില്ല. അഖില ഭാരതീയ അഖാഡ പരിഷത്തിന്റെ ലെറ്റര്‍ ഹെഡില്‍ എഴുതിയ ഏഴു പേജ് ആത്മഹത്യാ കുറിപ്പാണു പൊലീസിന്റെ പിടിവള്ളി. താന്‍ ഏറെ അസ്വസ്ഥനായിരുന്നു എന്ന് കുറിപ്പില്‍ വ്യക്തമാക്കിയ നരേന്ദ്ര ഗിരി, ഇതിനൊപ്പം വിഡിയോയും ചിത്രീകരിച്ചെന്നാണു വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആനന്ദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.
‘ഒരു സ്ത്രീക്കൊപ്പം നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ആനന്ദ് ഭീഷണിപ്പെടുത്തി. ഇത്തരത്തില്‍ ഒരു അപമാനം താങ്ങാന്‍ സാധിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്യുകയാണ്. എന്റെ ഭാഗം ന്യായീകരിക്കാന്‍ എനിക്കാകും, പക്ഷേ അതു കൊണ്ടുണ്ടാകുന്ന അപമാനം ഞാന്‍ എങ്ങനെ സഹിക്കും? അതിനെനിക്കു ധൈര്യമില്ല. ഫോട്ടോ എല്ലാവരിലും എത്തിയാല്‍ എത്ര വിശദീകരിക്കാനാകും? ഈ വിവരം എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു. ജീവനൊടുക്കുകയല്ലാതെ വേറെ വഴിയില്ല’- ആത്മഹത്യാ കുറിപ്പില്‍ നരേന്ദ്ര ഗിരി പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2016 മാര്‍ച്ചിലാണു നരേന്ദ്ര ഗിരി ആദ്യമായി അഖാഡ പരിഷത്തിന്റെ അധ്യക്ഷനായത്. 2019 ഒക്ടോബറില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നരേന്ദ്ര ഗിരിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവര്‍ അനുശോചിച്ചിരുന്നു.
നരേന്ദ്ര ഗിരിയുടെ മരണത്തില്‍ പൊലീസ് തെളിവുകള്‍ ശേഖരിക്കുകയാണെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവശ്യമെങ്കില്‍ അന്വേഷണം സിബിഐയെ ഏല്‍പിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പറഞ്ഞു. മരണത്തില്‍ പങ്കില്ലെന്നും പണത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമായി നരേന്ദ്ര ഗിരിയെ കൊലപ്പെടുത്തിയതാണെന്നുമാണ് ആനന്ദ് ഗിരി പറയുന്നത്. ആനന്ദ് പറയുന്നതോ നരേന്ദ്ര ഗിരി പറയുന്നതോ ശരി? അതറിയാന്‍ കുറച്ചുദിവസം കൂടി കാത്തിരിക്കണം.