കണ്‍മണികളെ താലോലിച്ച് കൊതി തീര്‍ന്നില്ല; ഭാര്യയുടെ പ്രസവത്തിന് നാട്ടിലെത്തിയ പ്രവാസി മലയാളി ബൈക്ക് അപകടത്തില്‍ മരിച്ചു

കോട്ടയം: അവധിക്ക് നാട്ടില്‍ എത്തിയ പ്രവാസി മലയാളി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കോട്ടയം സ്വദേശിയായ രോഹിത് രാജ് ജോണ്‍ ആണ് മരിച്ചത്. 33 വയസായിരുന്നു. ഭാര്യ മെര്‍ജിനിന്റെ പ്രസവത്തിനായിട്ടാണ് എയര്‍ ട്രാവല്‍ എന്റര്‍പ്രൈസ് ആന്‍ഡ് ടൂറിസത്തില്‍ ജോലി ചെയ്തിരുന്ന രോഹിത് കുടുംബത്തോടൊപ്പം പ്രവാസി ഭാരതീയ മിഷന്‍ വിമാനത്തില്‍ നാട്ടിലേയ്ക്ക് പോന്നത്.

സെപ്റ്റബറില്‍ ഭാര്യ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഒരു കുട്ടി പ്രസവത്തിനിടെ മരിച്ചു. രണ്ട് ആണ്‍കുട്ടികളോടും ഭാര്യയോടും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെയായിരുന്നു രോഹിത്തിന് അപകടം സംഭവിച്ചത്. ബന്ധുവിന്റെ വീട്ടില്‍ നിന്നും മടങ്ങവെ വീടിന് ഒരു കിലോമീറ്റര്‍ മാത്രം അകലെ വെച്ച് ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു.

രോഹിത്തിനെ കുറിച്ച് ഏറെ നേരമായിട്ടും വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വഷിച്ചപ്പോഴാണ് റോഡ് അരികില്‍ ഗുരുതര പരുക്കേറ്റ് വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ അടുത്തുള്ള ക്ലിനിക്കില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. റോഡിലെ വെള്ളത്തില്‍ ബൈക്ക് തെന്നി വീണതായിരിക്കുമെന്നാണ് നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News