ടി.എന്‍.പ്രതാപന്‍ എം.പിയുടെയും അനില്‍ അക്കര എം.എല്‍.എയുടെയും കൊവിഡ് പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്

തൃശൂര്‍:കോണ്‍ഗ്രസ് നോതാക്കളായ ടി എന്‍ പ്രതാപന്‍ എം പി, അനില്‍ അക്കര എംഎല്‍എ എന്നിവര്‍ക്ക് കൊവിഡ് ഇല്ലെന്ന് പരിശോധന ഫലം. ഇക്കാര്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുവരെയും ഒദ്യോഗികമായി അറിയിച്ചു. വാളയാര്‍ സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഇരുവരും ഓഫീസില്‍ ക്വാറന്റൈനിലാണ്.

മന്ത്രി എ സി മൊയ്തീന് ക്വാറന്റീന്‍ വേണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ടി എന്‍ പ്രതാപനും അനില്‍ അക്കര എം എല്‍എയും ഇന്ന് നിരാഹാര സമരം നടത്തുന്നതിനിടെയാണ് പരിശോധന ഫലം പുറത്ത് വരുന്നത്. തൃശ്ശൂരിലെ മെഡിക്കല്‍ ബോര്‍ഡ് ക്വാറന്റൈന്‍ വിഷയത്തില്‍ രാഷ്ട്രീയ കളി നടത്തുന്നുവെന്നാരോപിച്ചാണ് ടി എന്‍ പ്രതാപന്‍ എം പി തളിക്കുളത്തെ വീട്ടിലും അനില്‍ അക്കര എം എല്‍ എ വടക്കാഞ്ചേരിയിലെ ഓഫീസിലും ഉപവാസ സമരം ആരംഭിച്ചിരിക്കുന്നത്. രാവിലെ 10ന് തുടങ്ങിയ സമരം നാളെ രാവിലെ പത്തിന് അവസാനിക്കും.

കോവിഡ് ബാധ കണ്ടെത്തിയ പ്രവാസികളുമായി അടുത്ത് ഇടപഴകിയ മന്ത്രി എസി മൊയ്തീനെ ക്വാറന്റൈനിലാക്കണമെന്ന അനില്‍ അക്കരയുടെ പരാതി മെഡിക്കല്‍ ബോര്‍ഡ് നേരത്തെ തള്ളിയിരുന്നു. മന്ത്രിയുമായി സമ്പര്‍ക്കമുണ്ടായില്ല എന്ന് രോഗികളില്‍ നിന്നും സത്യവാങ്മൂലം വാങ്ങിയ ശേഷമായിരുന്നു തീരുമാനം. ഇത് രാഷ്ടീയ പ്രേരിതമാമെന്നാണ് ആരോപണം. ജനപ്രതിനിധികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിന് മുന്നില്‍ ഉപവാസം നടത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News