കൊച്ചി:കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രങ്ങളിൽ ഒന്നാണ് ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം. യുവാക്കളും കുടുംബപേക്ഷകരും ഒരുപോലെ ഏറ്റെടുത്തതാണ്. കോവിഡിന്റെ ഓമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ എത്തിയിട്ടും സിനിമ കാണാൻ ജനം തിയേറ്ററുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പ്രണവ് മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ ആയിട്ടാണ് ചിത്രത്തെ വിലയിരുത്തിയത്. വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രം ചില തിയേറ്ററുകളിൽ റീ റിലീസ് ചെയ്തിരുന്നു. മിക്കയിടങ്ങളിലും നിറഞ്ഞ സദസിലാണ് പ്രദർശനം.
അതേസമയം, ഹൃദയം പുറത്തിറങ്ങി ഒരു വർഷം കഴിഞ്ഞിട്ടും പ്രണവിന്റെ പുതിയ സിനിമ വരാത്തതിന്റെ നിരാശയിലാണ് ആരാധകർ. സിനിമകളേക്കാൾ ഏറെ യാത്രകളെ പ്രണയിക്കുന്ന പ്രണവ് കഴിഞ്ഞ വർഷം മുഴുവൻ യാത്രകളിൽ ആയിരുന്നു. ഹൃദയത്തിന്റെ നിർമാതാവും പ്രണവിന്റെ സുഹൃത്തുമായ വിശാഖ് സുബ്രമണ്യം ആണ് നടന്റെ യാത്രയെ കുറിച്ച് മാധ്യമങ്ങളോട് ഒരിക്കൽ പറഞ്ഞത്.
ഇപ്പോഴിതാ, പ്രണവിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ് വിശാഖ് സുബ്രമണ്യം. പ്രണവ് ചെന്നൈയിൽ എത്തിയെന്നും കഥകൾ കേൾക്കാൻ ആരംഭിച്ചെന്നുമാണ് വിശാഖ് പറയുന്നത്. സമയം മലയാളത്തിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ നടനുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു വിശാഖ്. വിശദമായി വായിക്കാം.
ഞാനും പ്രണവ് മോഹൻലാലും സുഹൃത്തുക്കൾ എന്നതിനപ്പുറം ഞങ്ങളുടെ മുൻതലമുറ മുതലുള്ള ആത്മബന്ധമുണ്ട്. പ്രണവിൻ്റെ മുത്തച്ഛൻ ബാലാജി സാറും എൻ്റെ മുത്തച്ഛനും നിരവധി സിനിമകൾ നിർമിച്ചിട്ടുണ്ട്. അന്നു മുതൽ കുടുംബപരമായ അടുപ്പമുണ്ട്. പ്രണവിനെ ചെറുപ്പം മുതലേ എനിക്കറിയാം. സുചിത്ര ചേച്ചിയുമായി എന്റെ ആദ്യ സിനിമ മുതലുള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാറുണ്ട്.
പ്രണവ് എൻ്റെ സിനിമയുടെ ഭാഗമായത് ഒരു നിമിത്തമായാണ് കാണുന്നത്. അതിനു കാരണമായത് വിനീത് ശ്രീനിവാസനാണ്. ഹൃദയത്തിൻ്റെ കഥ പറഞ്ഞ സമയത്ത് പ്രണവ് മതിയെന്നത് വിനീതിന്റെ കോൺഫിഡൻസായിരുന്നു. ഷൂട്ടിംഗ് സമയത്ത് ഓരോ ദിവസവും പ്രണവിന്റെ മാജിക്കാണ് ഞങ്ങൾ കണ്ടത്. അദ്ദേഹത്തിന്റെയുള്ളിലുള്ള നടനെ പ്രേക്ഷകരുടെ മുന്നിലേക്ക് പ്രകടമാക്കുന്നതിന് ഞങ്ങൾക്കു സാധിച്ചു. മലയാള സിനിമയ്ക്ക് അദ്ദേഹത്തെ ആവശ്യമുണ്ടെന്നു തെളിയിച്ചുവെന്നും വിശാഖ് പറയുന്നു.
പ്രണവിനൊപ്പം ഇനിയും സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. യാത്രകൾക്കു ശേഷം പ്രണവ് രണ്ടാഴ്ച മുമ്പ് ചെന്നൈയിലെത്തിയിട്ടുണ്ട്. ഇപ്പോൾ പുതിയ കഥകൾ കേട്ടു തുടങ്ങി. ഈ വർഷം പ്രണവിന്റെ ഒരു സിനിമയുണ്ടാകും.
ഇടക്കാലത്ത് ഞാനും പ്രണവും സംവിധായകൻ ബേസിലും ചേർന്ന് ഒരു സിനിമ ചെയ്യുന്നതായി വാർത്ത സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. അങ്ങനെ ഒരു പ്രോജക്ട് ഞങ്ങൾ പ്ലാൻ ചെയ്തില്ലെങ്കിലും അന്ന് പ്രേക്ഷകരുടെ താല്പര്യം തിരിച്ചറിഞ്ഞു. എന്നെങ്കിലും അത്തരമൊരു പ്രോജക്ട് വന്നാൽ നമുക്കത് ചെയ്യാം എന്നാണ് ഞാനും ബേസിലും പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
വിനീതും ധ്യനുമായുള്ള സൗഹൃദത്തെ കുറിച്ചും വിശാഖ് പറയുന്നുണ്ട്. വിനീത് ശ്രീനിവാസൻ സിനിമയ്ക്കപ്പുറം എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. തട്ടത്തിൻ മറയത്ത് റിലീസ് ചെയ്ത സമയം മുതൽ വിനീതും ഞാനും തമ്മിൽ സൗഹൃദമുണ്ടായിരുന്നു. 10 വർഷത്തെ സൗഹൃദം ഇപ്പോൾ കുടുംബപരമായുള്ള ആത്മബന്ധത്തിലേക്ക് വളർന്നിരിക്കുന്നു.
ഹൃദയം റിലീസ് ചെയ്യുന്നതുവരെ ഒരു രൂപപോലും പ്രതിഫലം വാങ്ങാതെയാണ് പ്രണവും വിനീതും ഒപ്പം നിന്നത്. ധ്യാനും അജു വർഗീസുമായി വളരെ അടുത്ത ബന്ധമാണ്. അതുകൊണ്ടാണ് ലൗവ് ആക്ഷൻ ഡ്രാമ ചെയ്തപ്പോൾ അവർ എന്നെയും നിർമാണ പങ്കാളിയാക്കിയത്. ധ്യാനിൻ്റെ നിർബന്ധമായിരുന്നു അത്. ധ്യാൻ ഫോണിൽ വിളിച്ച് നമുക്ക് സിനിമ ചെയ്യണം എന്നു പറഞ്ഞിടത്താണ് എന്റെ ലൈഫ് മാറുന്നത്.
ഞാൻ നിർമാതാവായ ആദ്യ ചിത്രം ലൗവ് ആക്ഷൻ ഡ്രാമയായിരുന്നു. അത് കേരളത്തിൽ 100 ദിവസം ഓടി. യുവ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തത് വലിയ ആത്മവിശ്വാസം നൽകി. യുവ പ്രേക്ഷകരെ കണക്ട് ചെയ്യുന്ന സിനിമയെത്തിയാൽ മാജിക് വീണ്ടും സംഭവിക്കുമെന്ന് ചിന്തിച്ചിരുന്നു. അത് ഹൃദയത്തിലൂടെ സംഭവിച്ചെന്നും വിശാഖ് പറയുന്നു.