NationalNews

വീഡിയോകോളിൽ വിവസ്ത്രയാകാൻ നിർബന്ധിച്ചു,അമ്മയെ പീഡിപ്പിച്ചു; പ്രജ്ജ്വൽ രേവണ്ണക്കെതിരേ പരാതിക്കാരി

ബെംഗളൂരു: ഹാസനിലെ എം.പി. പ്രജ്ജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികപീഡനക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി. പ്രജ്ജ്വല്‍ രേവണ്ണയുടെയും പിതാവ് എച്ച്.ഡി. രേവണ്ണയുടെയും ലൈംഗികാതിക്രമങ്ങളെ സംബന്ധിച്ചാണ് പരാതിക്കാരി കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തിന് മുന്നിലും വിശദമായ മൊഴിനല്‍കിയിട്ടുണ്ട്.

നാലുവര്‍ഷം മുമ്പ് തന്റെ അമ്മയെ ബെംഗളൂരുവിലെ വീട്ടില്‍വെച്ചാണ് പ്രജ്ജ്വല്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴിയിലുള്ളത്. ഇതിനുപിന്നാലെ തനിക്ക് നേരേയും ലൈംഗികാതിക്രമമുണ്ടായി. വീഡിയോകോളില്‍ വിവസ്ത്രയാകാന്‍ ഉള്‍പ്പെടെ പ്രജ്ജ്വല്‍ നിര്‍ബന്ധിച്ചതായും പരാതിക്കാരി പറയുന്നു.

”പ്രജ്ജ്വല്‍ എന്നെ ഫോണില്‍ വിളിച്ച് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടും. അമ്മയുടെ മൊബൈല്‍ഫോണിലേക്കാണ് അയാള്‍ വീഡിയോകോള്‍ ചെയ്തിരുന്നത്. കോളെടുക്കാന്‍ നിര്‍ബന്ധിക്കും. വിസമ്മതിച്ചാല്‍ എന്നെയും അമ്മയെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തും”- യുവതി വിശദീകരിച്ചു.

രേവണ്ണയുടെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന അമ്മയെ പ്രജ്ജ്വലും പിതാവ് എച്ച്.ഡി. രേവണ്ണയും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. സഹകരിച്ചില്ലെങ്കില്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതായിരുന്നു പ്രജ്ജ്വലിന്റെ രീതി. ഭര്‍ത്താവിന്റെ ജോലി ഇല്ലാതാക്കും, മകളെ ബലാത്സംഗം ചെയ്യും തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് അമ്മയെ അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതെന്നും പരാതിക്കാരി പറയുന്നു.

പ്രജ്ജ്വലിന്റെ പീഡനങ്ങളെക്കുറിച്ച് പുറത്തറിയുകയും പരാതി നല്‍കുകയും ചെയ്തപ്പോള്‍ കുടുംബം തനിക്കും അമ്മയ്ക്കും പിന്തുണനല്‍കി. എന്നാല്‍, പരാതി നല്‍കിയതിന് പിന്നാലെ തന്റെ അച്ഛന് അദ്ദേഹത്തിന്റെ ജോലി നഷ്ടമായെന്നും യുവതി ആരോപിച്ചു.

എച്ച്.ഡി.രേവണ്ണ വീട്ടുജോലിക്കാരായ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. പക്ഷേ, ഇതുവരെ മൂന്നുപേര്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ തയ്യാറായത്. അതിക്രമത്തിനിരയായ കൂടുതല്‍പേരുണ്ട്, പക്ഷേ, അവരാരും ഇതേക്കുറിച്ച് പുറത്തുപറഞ്ഞിട്ടില്ല അവരെയെല്ലാം ഇരുവരും ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു.

2020 മുതല്‍ 2021 വരെ കാലയളവിലാണ് യുവതിക്കും അമ്മയ്ക്കും നേരേ ഉപദ്രവമുണ്ടായത്. പ്രജ്ജ്വലിനെ നിരന്തരമായ ഉപദ്രവം കാരണം ഫോണ്‍നമ്പര്‍ പോലും മാറ്റേണ്ടിവന്നു. നാലോ അഞ്ചോ മാസം കൂടുമ്പോഴാണ് അമ്മ അവിടെനിന്ന് വീട്ടില്‍വന്നിരുന്നത്. അത്രയേറെ ഉപദ്രവം അവര്‍ നേരിട്ടു. അര്‍ധരാത്രി ഒരുമണിക്കും രണ്ടുമണിക്കുമാണ് അമ്മ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നത്. അതും വളരെ കുറച്ച് സമയംമാത്രം. ഒരു അടിമയെപ്പോലെയാണ് അമ്മയെ അവര്‍ കൈകാര്യംചെയ്തിരുന്നതെന്നും സംഭവം നടന്ന് രണ്ടുവര്‍ഷത്തിന് ശേഷം രേവണ്ണ കുടുംബം തങ്ങളുടെ ഭൂമി നിര്‍ബന്ധിച്ച് വില്‍പ്പന നടത്തിയതായും യുവതി ആരോപിച്ചു.


രണ്ട് ബലാത്സംഗക്കേസുകളും ഒരു തട്ടിക്കൊണ്ടുപോകല്‍ കേസും ഉള്‍പ്പെടെ മൂന്ന് എഫ്.ഐ.ആറുകളാണ് പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരേ ഇതുവരെ പോലീസ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായവര്‍ക്ക് ഭയം കൂടാതെ പരാതി നല്‍കാനായി ഹെല്‍പ്പ്‌ലൈന്‍ നമ്പരും ആരംഭിച്ചിട്ടുണ്ട്. അതേസമയം, കേസില്‍ നേരത്തെ അറസ്റ്റിലായ എച്ച്.ഡി. രേവണ്ണ മേയ് 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എച്ച്.ഡി. രേവണ്ണയുടെ ജാമ്യഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. അശ്ലീലവീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യംവിട്ട പ്രജ്ജ്വല്‍ രേവണ്ണയ്ക്കായി ബ്ലൂകോര്‍ണര്‍ നോട്ടീസും അന്വേഷണസംഘം പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രജ്ജ്വല്‍ രേവണ്ണ എം.പി. ഉള്‍പ്പെട്ട അശ്ലീലവീഡിയോ പെന്‍ഡ്രൈവിലാക്കി പ്രചരിപ്പിച്ച കേസില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) അറസ്റ്റുചെയ്തു. ബി.ജെ.പി. ഹാസന്‍ മുന്‍ എം.എല്‍.എ. പ്രീതം ഗൗഡയുടെ അനുയായികളായ യലഗുണ്ഡ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.

ഹാസനിലെ സൈബര്‍ ഇക്കണോമിക് ആന്‍ഡ് നര്‍കോട്ടിക്സ് ക്രൈം (സി.ഇ.എന്‍.) പോലീസ് സ്റ്റേഷനില്‍ ഇരുവരെയും ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീഡിയോ പ്രചരിപ്പിച്ചതിനെതിരേ ജെ.ഡി.എസ്. പ്രവര്‍ത്തകനായ പൂര്‍ണചന്ദ്ര തേജസ്വി ഏപ്രില്‍ 22-ന് അഞ്ചാളുടെപേരില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

വീഡിയോ പ്രചരിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ നവീന്‍ഗൗഡയെ തിരയുകയാണ് പോലീസ്. പ്രീതംഗൗഡയുടെ ഓഫീസിലെ മുന്‍ജീവനക്കാരനാണ് ചേതന്‍. ഏപ്രില്‍ 21-നാണ് പെന്‍ഡ്രൈവുകള്‍ വ്യാപകമായി പ്രചരിച്ചത്. ഇതേത്തുടര്‍ന്ന് ജെ.ഡി.എസ്. പോള്‍ ഏജന്റ്കൂടിയായിരുന്ന പൂര്‍ണചന്ദ്ര തേജസ്വി പ്രജ്ജ്വലിന്റെ മുന്‍ കാര്‍ഡ്രൈവര്‍ കാര്‍ത്തിക്, പുട്ടരാജു, നവീന്‍ഗൗഡ, ചേതന്‍, ലികിത് എന്നിവര്‍ക്കെതിരേ സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button