കൊച്ചി: സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. കളമശേരിയില്‍ ചന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. തുടര്‍ ഭരണത്തിന് ചന്ദ്രന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു. നിലവില്‍ പി. രാജീവിനെയാണ് കളമശേരിയില്‍ സ്ഥാനാര്‍ഥിയായി സിപിഎം പരിഗണിക്കുന്നത്.
അതേസമയം എല്‍ഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലെത്തും. വൈകിട്ട് മൂന്നിന് മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിയെ റെഡ് വോളണ്ടിയര്‍മാര്‍ പിണറായിയിലേക്ക് ആനയിക്കും.
ഉറപ്പാണ് എല്‍ഡിഎഫ് എന്ന മുദ്രാവാക്യവും മുഖ്യമന്ത്രിയുടെ ചിത്രവും ധരിച്ച് വോളണ്ടിയര്‍മാര്‍ അദ്ദേഹത്തെ അനുഗമിക്കും. വൈകിട്ട് അഞ്ചിന് ചേരുന്ന എല്‍ഡിഎഫ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
അതേസമയം ചങ്ങനാശേരി സീറ്റ് വേണമെന്ന സിപിഐയുടെ കടുംപിടിത്തം മൂലം ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലും ചങ്ങനാശേരി സീറ്റ് വേണമെന്ന നിലപാടിലായിരുന്നു സിപിഐ. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലും സിപിഐ ആവശ്യത്തില്‍ ഉറച്ചു നിന്നതോടെ ചങ്ങനാശേരിയുടെ കാര്യത്തില്‍ ഇന്ന് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തും.
കേരള കോണ്‍ഗ്രസ് എമ്മിനു 12 സീറ്റുകള്‍ നല്‍കാനാണു സിപിഎം-സിപിഐ പാര്‍ട്ടികള്‍ ധാരണയായിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27-സീറ്റില്‍ മത്സരിച്ച സിപിഐ ഇപ്പോള്‍ മൂന്നു സീറ്റ് വിട്ടുകൊടുത്ത് 24 സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ജനതാദള്‍ എസിനു നാലും ലോക് താന്ത്രിക് ജനതാദളിനു മൂന്നു സീറ്റും നല്‍കാനാണ് ഇടതുമുന്നണി തീരുമാനം.
മൂന്നു സീറ്റ് നല്‍കിയ സിപിഎം നിലപാടിനെതിരെ എല്‍ജെഡി പ്രതിഷേധമറിയിച്ചു. ഒരു സീറ്റു കൂടി വേണമെന്ന ആവശ്യത്തിലാണവര്‍. വടകര, കൂത്തുപറന്പ്, കല്‍പ്പറ്റ മണ്ഡലങ്ങളാണ് എല്‍ജെഡിക്കു നല്‍കിയിരിക്കുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കി.
എന്നാല്‍ കേരള കോണ്‍ഗ്രസ്-സ്‌കറിയാ വിഭാഗത്തിനു സീറ്റു നല്‍കിയില്ല. ജനതാദള്‍-എസിന് അങ്കമാലി, തിരുവല്ല, ചിറ്റൂര്‍, കോവളം മണ്ഡലങ്ങളാണു നല്‍കിയിരിക്കുന്നത്. ചങ്ങനാശേരി നല്‍കിയില്ലെങ്കില്‍ കാഞ്ഞിരപ്പള്ളി വിട്ടുനല്‍കില്ലെന്ന നിലപാടിലാണു സിപിഐ.
ഇന്നും നാളെയുമായി സീറ്റ് വിഭജനം പൂര്‍ത്തിയാക്കി 10ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണു മുന്നണി തീരുമാനം. യുഡിഎഫില്‍ വച്ചുമാറുന്ന സീറ്റുകളില്‍ തീരുമാനമായില്ല.