ബുദാപെസ്റ്റ്: യൂറോ കപ്പിൽ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ഹംഗറിയെ തകർത്ത് പോർച്ചുഗൽ. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പോർച്ചുഗൽ ഹംഗറിയെ തകർത്തത്. 84 മിനിറ്റുകൾക്ക് ശേഷമായിരുന്നു മൂന്നു ഗോളുകളും.
83 മിനിറ്റോളം ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പോർച്ചുഗലിനെയും പൂട്ടിയ ഹംഗറി ശേഷിച്ച സമയത്ത് മത്സരം കൈവിടുകയായിരുന്നു.84-ാം മിനിറ്റിൽ റാഫേൽ ഗുറെയ്റോയിലൂടെയാണ് പോർച്ചുഗൽ മുന്നിലെത്തിയത്. ഗോളിലേക്കുള്ള റാഫ സിൽവയുടെ ഷോട്ട് ഹംഗറി താരത്തിന്റെ ദേഹത്ത് തട്ടി തെറിച്ചെത്തിയത് ഗുറെയ്റോയുടെ മുന്നിലേക്ക്. ഒട്ടും സമയം കളയാതെ താരം പന്ത് വലയിലെത്തിച്ചു.
ഗോൾ വീണതോടെ ഹംഗറിയുടെ മനോവീര്യം കുറഞ്ഞു. 86-ാം മിനിറ്റിൽ റാഫ സിൽവയുടെ മുന്നേറ്റം തടഞ്ഞ വില്ലി ഒർബാന് പിഴച്ചു. പോർച്ചുഗലിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. 87-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ പോർച്ചുഗലിന്റെ ലീഡുയർത്തി.
പിന്നാലെ ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ റാഫ സിൽവയുമൊത്തുള്ള മുന്നേറ്റത്തിനൊടുവിൽ റോണോ തന്റെ രണ്ടാം ഗോളും കണ്ടെത്തി. മരണ ഗ്രൂപ്പായ എഫിൽ ഹംഗറിക്കെതിരേ നേടിയ വിജയം പോർച്ചുഗലിന് മുൻതൂക്കം നൽകും.
പോർച്ചുഗലിന്റെ മികച്ച മുന്നേറ്റങ്ങൾ പലതും 84-ാം മിനിറ്റ് വരെ കൃത്യമായി ഹംഗറിക്ക് പ്രതിരോധിക്കാൻ സാധിച്ചിരുന്നു. ഗോൾകീപ്പർ പീറ്റർ ഗുലാക്സിയുടെ മികച്ച പ്രകടനവും എടുത്തുപറയേണ്ടതാണ്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ജോട്ടയുടെ ഷോട്ട് ഗുലാക്സി രക്ഷപ്പെടുത്തി. 40-ാം മിനിറ്റിൽ ഡിയോഗോ ജോട്ടോയുടെ ഷോട്ടും ഗുലാക്സി തടഞ്ഞു. ആദ്യ പകുതിയിലുടനീളം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഹംഗറി പ്രതിരോധം സമർഥമായി പൂട്ടി.
റോളണ്ട് സല്ലായ് ഹംഗറിക്കായി മികച്ച മുന്നേറ്റങ്ങൾ നടത്തി. പോർച്ചുഗൽ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചതും സല്ലായ് ആയിരുന്നു. ഇതിനിടെ 80-ാം മിനിറ്റിൽ ഗെർഗോ ലോവ്റെൻസിക്സ് ഹംഗറിക്കായി പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.