കുഞ്ഞാരാധിക ഗ്രൗണ്ടിലേക്ക് ഓടിയെത്തി; ജഴ്‌സിയൂരി നല്‍കി, ചേര്‍ത്തുപിടിച്ച് ക്രിസ്റ്റ്യാനോ

ഡബ്ലിൻ: സൂപ്പർ താരങ്ങളോടൊപ്പം എന്നും ആരാധകരുണ്ടാകും. ചില ആരാധകർ ആവേശം അണപൊട്ടുമ്പോൾ ഗ്രൗണ്ടിലുള്ള താരത്തിന് അടുത്തേക്ക് ഓടിവരും. അവിടെ സുരക്ഷാ ജീവനക്കാരോ വേലിക്കെട്ടുകളോ അവർക്ക് പ്രശ്നമില്ല.

ഇത്തരത്തിൽ അഡിസൺ വെലാൻ എന്ന 11-കാരി തന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്തേക്ക് ഓടിയെത്തി. ഡബ്ലിനിൽ അയർലൻഡിനെതിരേ നടന്ന 2022 ഖത്തർ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിന് ശേഷമായിരുന്നു സംഭവം.

ഗ്രൗണ്ടിലേക്ക് ഓടുന്നതിനിടെ വെലാനെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. എന്നാൽ അവൾ ക്രിസ്റ്റിയാനോ എന്നു വിളിക്കുന്നത് ശ്രദ്ധിച്ച താരം അവളെ അടുത്തേക്ക് വിടാൻ സുരക്ഷാ ജീവനക്കാരനോട് നിർദേശിക്കുകയായിരുന്നു.

ഇതോടെ ഓടിയെത്തിയ വെലാന് ക്രിസ്റ്റിയാനോ തന്റെ ജഴ്സിയൂരി നൽകി. അവളെ തന്നോട് ചേർത്തുപിടിക്കുകയും ചെയ്തു. ആനന്ദക്കണ്ണീരുമായി കുഞ്ഞാരാധിക തിരിച്ചു ഗാലറിയിലെത്തി. അയർലൻഡിലെ ഷെൽബോൺ എഫ്.സിയുടെ അണ്ടർ-13 താരം കൂടിയാണ് വെലാൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News