32.6 C
Kottayam
Tuesday, November 5, 2024
test1
test1

സ്വിറ്റ്സർലൻഡിനെ തകർത്ത് പോർച്ചുഗൽ,റാമോസിന് ഹാട്രിക്ക്, ക്വാർട്ടർ ഫൈനലിലേക്ക്

Must read

ദോഹ: ഇതിഹാസം രചിച്ച മഹാ മാന്ത്രികന്റെ കാൽപ്പാടുകൾ പിന്തുടർന്ന് ഹാട്രിക്ക് തികച്ച ​ഗോൺസാലോ റാമോസ് വരവറിയിച്ചപ്പോൾ സ്വിറ്റ്സർലൻഡിന്റെ ക്വാർട്ടർ മോ​ഹങ്ങളെ കരിച്ച് പോർച്ചു​ഗീസ് പടയോട്ടം. ഖത്തർ ലോകകപ്പിലെ അവസാന പ്രീക്വാർട്ടറിൽ ഒന്നിനെതിരെ ആറ് ​ഗോളുകൾക്കാണ് പറങ്കിപ്പട സ്വിസ് പട്ടാളത്തെ തളച്ചത്. പോർച്ചു​ഗലിനായി ​ഗോൺസാലോ റാമോസ് ഹാട്രിക്ക് നേടിയപ്പോൾ പെപ്പെ, റാഫേൽ ​ഗുറേറോ, റാഫേൽ ലിയോ എന്നിവരും ലക്ഷ്യം കണ്ടു. സ്വിറ്റ്സർലൻഡിന്റെ ആശ്വാസ ​ഗോൾ അക്കാഞ്ചിയുടെ വകയായിരുന്നു. ക്വാർട്ടറിൽ സ്പെയിനിന്റെ ടിക്കി ടാക്കയ്ക്ക് ടാറ്റ പറഞ്ഞ് എത്തുന്ന മൊറോക്കോയാണ് പോർച്ചു​ഗലിന്റെ എതിരാളികൾ. 

പകരക്കാരൻ ചില്ലറക്കാരനല്ല! 

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചു​ഗലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. സ്വിറ്റ്സർലൻഡിൽ നിന്നും ചില മുന്നേറ്റങ്ങൾ ആദ്യ നിമിഷങ്ങളിലുണ്ടായി. എന്നാൽ, ആദ്യ 15 മിനിറ്റുകൾ നല്ല അവസരങ്ങൾ ഒന്നും ഉണ്ടാക്കിയെടുക്കാൻ ഇരു സംഘങ്ങൾക്കും സാധിച്ചില്ല.

അധിക നേരത്തേക്ക് കളി വിരസമായി നീങ്ങിയില്ല. 17-ാം മിനിറ്റിൽ പോർച്ചു​ഗൽ ആദ്യ ​ഗോൾ കണ്ടെത്തി. ത്രോയിൽ നിന്ന് ലഭിച്ച പന്ത് ജോ ഫെലിക്സ് ബോക്സിനുള്ളിൽ ഉണ്ടായിരുന്ന ​ഗോൺസാലോ റാമോസിലേക്ക് നൽകി. മാർക്ക് ചെയ്തിരുന്ന സ്വിസ് പ്രതിരോധ ഭടനെ ഒരു ടച്ച് കൊണ്ട് കടന്ന റാമോസ് വിഷമകരമായ ആം​ഗിളിൽ നിന്ന് തൊടുത്ത ഷോട്ട് യാൻ സോമറിനെ കടന്ന് വല ചലിപ്പിച്ചു. രാജ്യാന്തര കരിയറിൽ ആദ്യമായി ഫസ്റ്റ് ഇലവനിൽ ഇറങ്ങിയ റാമോസ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനാകാൻ എന്തുകൊണ്ടും യോ​ഗ്യനാണ് താനെന്ന് ലോകത്തോട് വിളിച്ച് പറയുകയായിരുന്നു സുന്ദരമായ ​ഗോളോടെ. ​ഗോൾ നേടിയതോടെ പറങ്കിപ്പടയ്ക്ക് ആവേശമായി.

തുടർച്ചയായി രണ്ട് വട്ടം അവർ സ്വിസ് ബോക്സിലേക്ക് ഇരച്ചെത്തുകയും ​ഗോൾ കീപ്പറിന് തലവേദന സൃഷ്ടിക്കുകയും ചെയ്തു. യാൻ സോമർ ഒട്ടാവിയോയുടെയും റാമോസിന്റെ ഷോട്ട് തടുത്തതോടെ സ്വിറ്റ്സർലൻഡ് ശ്വാസം വിട്ടു. 29-ാം മിനിറ്റിൽ ഷാഖിരി ഏയ്തുവി‌ട്ട ഫ്രീക്കിക്കിലെ അപകടം ഒഴിവാക്കി പോർച്ചു​ഗീസ് ​ഗോൾ കീപ്പർ ഡി​ഗോ കോസ്റ്റ കോർണർ വഴങ്ങി. ഇതും മുതലാക്കാൻ സ്വിറ്റ്സർലൻഡിന് സാധിച്ചില്ല. 32-ാം മിനിറ്റിൽ ഫെലിക്സ് ബോക്സിലേക്ക് നൽകിയ ലോം​ഗ് ബോൾ ഷാർ ഉയർന്നു ചാടി ഹെ‍ഡ‍് ചെയ്ത് പുറത്തേക്ക് കളഞ്ഞു. ഇതിൽ നിന്ന് ലഭിച്ച കോർണർ സ്വിറ്റ്സലൻഡിന്റെ ക്വാർട്ടർ പ്രതീക്ഷൾക്ക് മേലെ ഒരു ആണി കൂടെ തറച്ചു.

ബ്രൂണോ എടുത്ത കോർണർ ബോക്സിന്റെ നടുവിലേക്ക് എത്തുമ്പോൾ പെപ്പെയെ ഒന്ന് മുട്ടാൻ തന്നെ ധൈര്യമുണ്ടായിരുന്നവർ സ്വിസ് നിരയിൽ ബാക്കിയുണ്ടായിരുന്നില്ല. പ്രായത്തെ പോരാട്ടം കൊണ്ട് തോൽപ്പിച്ച പെപ്പെയുടെ പവർ ഹെഡ്ഡറിന് സോമറിനും മറുപടി നൽകാൻ സാധിക്കാതിരുന്നതോടെ പോർച്ചു​ഗൽ രണ്ട് ​ഗോളിന്റെ ലീഡ് സ്വന്തമാക്കി. 39-ാം മിനിറ്റിൽ എഡ്മിൽസൺ ഫെർണാണ്ടസിന്റെ വലതു വിം​ഗിൽ നിന്നുള്ള ക്രോസിൽ കോസ്റ്റ കൈവെച്ചെങ്കിലും ബോക്സിൽ നിന്ന് അപകടം ഒഴിവായില്ല. ഒടുവിൽ ഡാലോട്ട് പന്ത് ക്ലിയർ ചെയ്തതോടെ സ്വിറ്റ്സർലൻഡിന്റെ ഒരു അവസരം കൂടെ നഷ്ടമായി. 42-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ഒരിക്കൽ കൂടെ പോർച്ചു​ഗീസുകാർ സ്വിസ് ബോക്സിൽ പരിഭ്രാന്തിയുണ്ടാക്കി. റാമോസിന്റെ ഷോട്ട് സോമർ ഒരുവിധം തടുത്തു. കൂടുതൽ സംഭവവികസങ്ങളില്ലാതെ ആദ്യ പകുതിക്കും വൈകാതെ അവസാനമായി.

രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യങ്ങൾക്ക് മാറ്റം ഒന്നും ഉണ്ടായില്ല. ദക്ഷിണ കൊറിയയോട് തോറ്റതിന്റെ എല്ലാ ക്ഷീണവും ഉപേക്ഷിച്ച് പുത്തൻ ഊർജത്തോടെ പോർച്ചു​ഗൽ കുതിച്ചു. കടലാസിലെ താരനിരയ്ക്ക് ചേർന്ന പ്രകടനം പുറത്തെടുക്കുന്നില്ല എന്നുള്ള വിമർശനങ്ങളെല്ലാം കുടഞ്ഞെറിഞ്ഞ് പറങ്കികൾ സ്വിസ് പടയെ വിറപ്പിച്ച് കൊണ്ടിരുന്നു. 50-ാം മിനിറ്റിൽ മൂന്നാം ​ഗോളും നേടിയ സാന്റോസിന്റെ ചൂണക്കുട്ടികൾ ഇതാ മൊറോക്കോ ഞങ്ങൾ വരുന്നു എന്ന് വിളിച്ച് പറഞ്ഞു. ഒരു സെന്റർ ഫോർവേഡിന് ആവശ്യമായ പ്രതിഭ പൂർണമായി തന്നിലുണ്ടെന്ന് റാമോസ് വീണ്ടും തെളിയിക്കുകയായിരുന്നു.

വലതു വിം​ഗിൽ നിന്നുള്ള ഡാലോട്ടിന്റെ ലോ ക്രോസിലേക്ക് ഓടിയെത്തിയ റാമോസ് കാൽ വെച്ചപ്പോൾ ഒരിക്കൽ കൂടി സോമർ നിസഹായനായി. തോൽവി മുന്നിലെത്തിയതോടെ സ്വിറ്റ്സ‍‍‍‍ർലൻഡിന്റെ പ്രതിരോധ ഘടന പൂർണമായി തകർന്നു. ഇത് മനസിലാക്കി കുതിച്ച് കയറിയ പോർച്ചു​​ഗൽ ഒരിക്കൽ കൂടി സോമറെ കീഴടക്കി. കൗണ്ടർ അറ്റാക്കിൽ റാമോസിന്റെ പാസ് കിട്ടി കയറിപ്പോയ റാഫേൽ ​ഗുറേറോ ആണ് ഇത്തവണ ഗോൾ സ്കോറർമാരുടെ പട്ടികയിൽ പേര് ​ എഴുതി ചേർത്തത്.

59-ാം മിനിറ്റിൽ അക്കാഞ്ചിയിലൂടെ പ്രതീക്ഷയുടെ ഒരു തിരിനാളം സ്വിറ്റ്സർലൻഡിന് മുന്നിൽ തെളിഞ്ഞു. കോർണർ പ്രതിരോധിക്കുന്നതിനിടെ പോർച്ചു​ഗലിന് സംഭവിച്ച അബദ്ധത്തിൽ നിന്നായിരുന്നു ​ഗോൾ. ഒരു ​ഗോൾ വന്നതോടെ സ്വിറ്റ്സർലൻഡ് ഒന്ന് ഉണർന്നെങ്കിലും സമയം അവർക്ക് മുന്നിൽ വലിയ തടസമായി ഇതിനകം മാറിക്കഴിഞ്ഞിരുന്നു. പക്ഷേ, ഇന്നത്തെ ദിവസം കാൽപ്പന്ത് കളിയുടെ ലോകത്ത് എഴുതി ചേർക്കാനുള്ള നിയോ​ഗം റാമോസിനായിരുന്നു. ഒരിക്കൽ കൂടി ഫെലിക്സ് – റാമോസ് ദ്വയം ഉദിച്ചുയർന്നു.

സോമറിനെ വെറും നിസാരമാക്കി കൊണ്ട് റാമോസ് തന്റെ ഹാട്രിക്ക് കുറിച്ചു. 74-ാം മിനിറ്റിൽ ജോ ഫെലിക്സിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തി. ആരവത്തോടെയാണ് കാണികൾ റോണോയെ സ്വീകരിച്ചത്. തൊട്ട് പിന്നാലെ ലഭിച്ച ഫ്രീക്കിക്ക് റോണോ എടുത്തെങ്കിലും സ്വിസ് മതിൽ കടന്നില്ല.  84-ാം മിനിറ്റിൽ റൊണാൾഡോ വല ചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് ഫ്ലാ​ഗ് അതിനകം തന്നെ ഉയർന്നിരുന്നു. ഇഞ്ചുറി ടൈമിൽ റാഫേൽ ലിയോയിലൂടെ ഒരു ​ഗോൾ കൂടെ നേടി പോർച്ചു​ഗൽ ആഘോഷം പൂർത്തിയാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും പുറത്താക്കി

തിരുവനന്തപുരം: നിര്‍മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സംഘടനക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് വനിതാ നിര്‍മാണതാവിനെ സംഘടന പുറത്താക്കിയത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള സിനിമ മേഖലയിലുണ്ടായ സംഭവ വികാസങ്ങള്‍ക്ക്...

എന്റെ പ്രിയപ്പെട്ട മഞ്ജു എന്നെ നീ തോല്‍പ്പിച്ചു കളഞ്ഞല്ലോ….. ഞാന്‍ നിനക്കായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍;ചര്‍ച്ചയായി ശ്രീകുമാര്‍ മേനോന്റെ കുറിപ്പ്

കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരെ നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിന് കാരണം നടിയുടെ മറുപടി വൈകിയതിനാല്‍. 'ഒടിയന്‍' സിനിമയ്ക്കു ശേഷമുള്ള സൈബര്‍ ആക്രമണത്തിലായിരുന്നു...

മഞ്ജു വാര്യര്‍ക്ക് തിരിച്ചടി,നടിയുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാർ മേനോനെതിരായ പോലീസ്‌ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: നടി മ‍ഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ റദ്ദാക്കി ഹൈക്കോടതി. തൃശ്ശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർനടപടികളാണ് റദ്ദാക്കിയത്. സ്ത്രീത്വത്തെ അപമാനിച്ചു...

ഖലിസ്താന്റെ പ്രകടനത്തിൽ പങ്കെടുത്തു; കനേഡിയൻ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഒട്ടാവ (കാനഡ): ബ്രാംപ്റ്റണില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ ഖലിസ്താൻ സംഘങ്ങളുടെ പ്രകടനത്തില്‍ പങ്കെടുത്ത കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പീല്‍ റീജിയണല്‍ പോലീസിലെ സെര്‍ജന്റായ ഹരിന്ദര്‍ സോഹിയ്‌ക്കെതിരായാണ് നടപടി. ഞായറാഴ്ചയാണ് ഖലിസ്താനികള്‍...

ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ ചരക്ക് വാൻ മറിഞ്ഞ് അപകടം; കാൽനട യാത്രക്കാരന് പരിക്ക്, രക്ഷാപ്രവർത്തനത്തിന് എ.എ. റഹീം എം.പിയും

കൊച്ചി: ആലുവ പഴയ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ കാല്‍നട യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചരക്ക് വാന്‍ മറിഞ്ഞു. പാലത്തിന്റെ അരികിലെ ഉയരമുള്ള ഭാഗത്ത് തട്ടിയാണ് വാഹനം മറിഞ്ഞത്. പ്രഭാതസവാരിക്കിറങ്ങിയ ആലുവ ഉളിയന്നൂര്‍ സ്വദേശി ഇന്ദീവരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.