മുംബൈ: 17 കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് പുണെയില്‍ രണ്ട് യുവ എന്‍ജിനയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യെര്‍വാഡ പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പോലീസിന്റെ കൂടുതല്‍ വീഴ്ചകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി.
ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ജഗ്ദാലെ, അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ വിശ്വനാഥ് തോഡ്കരി എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ മനോജ് പാട്ടീല്‍ അറിയിച്ചു. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് സസ്പെന്‍ഷന്‍.
അന്വേഷണത്തില്‍ കേസെടുക്കുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചതായി പൂണെ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. വാഹനം ഓടിച്ചിരുന്ന 17കാരന്‍ അപകടത്തിന് മുമ്പ് രണ്ട് പബ്ബുകളില്‍ നിന്ന് മദ്യം കഴിച്ചുവെന്നാണ് വിവരം.
എന്നാല്‍ ഇയാളുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുന്നതില്‍ കാലതാമസം ഉണ്ടായതായി കമ്മീഷണര്‍ സമ്മതിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നതെങ്കിലും രാത്രി 11 മണിയോടെയാണ് രക്തസാമ്പിളുകള്‍ ശേഖരിച്ചതെന്നും കമ്മീഷണര്‍ പറഞ്ഞു.
ആദ്യം ഐപിസി 304 (എ) അശ്രദ്ധ മൂലമുള്ള മരണം പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പിന്നീടാണ് സെക്ഷന്‍ 304 ചേര്‍ത്തതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
പ്ലസ്ടു വിജയത്തിലെ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പതിനേഴുകാരന്‍ പബ്ബിലെത്തി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപാന സദസ്സില്‍ പങ്കെടുത്തത്. ശേഷം ആഡംബര കാര്‍ അമിത വേഗതയില്‍ ഓടിച്ച് അപകടമുണ്ടാക്കുകയും ചെയ്തു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു രണ്ട് യുവ എന്‍ജിനയര്‍മാര്‍ക്കാണ് സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.
കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇത് വലിയ വിവാദത്തിലായതോടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. കേസില്‍ 17 കാരന്‍, ഇയാളുടെ പിതാവ്, പബ്ബ് ഉടമ,പബ്ബ് മാനേജര്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.