പോപ്പുലര്‍ ഫ്രണ്ട് നിരോധനം:ഹര്‍ജി തള്ളിസുപ്രീംകോടതി;ഹൈക്കോടതിയെ സമീപിയ്ക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിരോധനം ചോദ്യം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഡല്‍ഹി ഹൈക്കോടതിയെ ആണ് സമീപിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. യുഎപിഎ നിയമ പ്രകാരമായിരുന്നു നടപടി. സംഘടനയുടെ നൂറോളം നേതാക്കളെ അറസ്റ്റ് ചെയ്ത തൊട്ടുപിന്നാലെയായിരുന്നു നിരോധന ഉത്തരവുണ്ടായത്.

നിരോധനം യുഎപിഎ ട്രൈബ്യൂണല്‍ ശരിവച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിയുടെ അധ്യക്ഷതയിലായിരുന്നു ട്രൈബ്യൂണല്‍. എന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് നിരോധനം ശരിവച്ചത് എന്നാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്. ഇക്കാര്യമാണ് അവര്‍ സുപ്രീംകോടതിയിലും ചൂണ്ടിക്കാട്ടിയത്.

ഡല്‍ഹി ഹൈക്കോടതി ജഡ്ജി ദിനേശ് കുമാര്‍ ശര്‍മയായിരുന്നു ട്രൈബ്യൂണല്‍ ബെഞ്ചിന് അധ്യക്ഷത വഹിച്ചത്. ഭരണഘടനയുടെ 32ാം അനുഛേദ പ്രകാരമാണ് പോപ്പുലര്‍ ഫ്രണ്ട് സുപ്രീംകോടതിയിലെത്തിയത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസും വേല എം ത്രിവേദിയും ഉള്‍പ്പെടുന്ന സുപ്രീംകോടതി ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.

സംഘടന എന്തുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിപ്പിക്കുന്നില്ല എന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഭരണഘടനയുടെ 226ാം അനുഛേദ പ്രകാരം ട്രൈബ്യൂണല്‍ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാം. കോടതി ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാനും ഇക്കാര്യം അംഗീകരിച്ചു.

ഇതോടെ സുപ്രീംകോടതിക്ക് മുമ്പിലെത്തിയ ഹര്‍ജി തീര്‍പ്പായെങ്കിലും സംഘടനയ്ക്ക് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. ഹൈക്കോടതി തീരുമാനം വന്ന ശേഷം ആക്ഷേപമുണ്ടെങ്കില്‍ വീണ്ടും സുപ്രീംകോടതിയിലെത്താനും സാധിക്കും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News