23.8 C
Kottayam
Tuesday, May 21, 2024

കേരളത്തിലെ രണ്ടാം മെട്രോ തലസ്ഥാനത്ത്; ഒന്നാംഘട്ടം പള്ളിച്ചൽ മുതൽ പള്ളിപ്പാറ വരെ; രണ്ടു ഘട്ടങ്ങളിൽ നിർമാണം

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം മെട്രോ റെയിലിനെ സ്വീകരിക്കാൻ തിരുവനന്തപുരം ഒരുങ്ങുന്നു. ഡിപിആർ തയ്യാറാക്കുന്നതിന് മുന്നോടിയായി ഫീൽഡ് സർവേ ആരംഭിച്ചു. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി)യുടെ നേതൃത്വത്തിലാണ് ഫീൽഡ് സർവേ. നേരത്തെ ലൈറ്റ് മെട്രോയും മറ്റുമാണ് തലസ്ഥാനത്തേക്ക് ആലോചിച്ചിരുന്നതെങ്കിലും കൊച്ചി മെട്രോ മാതൃകയിൽതന്നെ മെട്രോ നിർമിക്കാൻ പദ്ധതിയിടുകയായിരുന്നു. പള്ളിപ്പുറം മുതൽ നെയ്യാറ്റിൻകരവരെ രണ്ടുഘട്ടങ്ങളിലായാകും തിരുവനന്തപുരം മെട്രോ നിർമിക്കുക.

പള്ളിപ്പുറത്ത് നിന്ന് പള്ളിച്ചൽവരെ ഒന്നാംഘട്ടവും, പള്ളിച്ചൽ മുതൽ നെയ്യാറ്റിൻകരവരെ രണ്ടാംഘട്ടവും നടപ്പാക്കണമെന്നാണ് പദ്ധതി ശുപാർശ ചെയ്യുന്നത്. പള്ളിപ്പുറത്തുനിന്ന് ആരംഭിച്ച് കരമന, നേമം വഴി പള്ളിച്ചൽ വരെയും കഴക്കൂട്ടത്ത് നിന്ന് ഈഞ്ചയ്ക്കൽ വഴി കിള്ളിപ്പാലത്തേക്കും രണ്ട് ഇടനാഴികൾക്ക് ശുപാർശയുണ്ട്.

ഭാവിയിലെ ആവശ്യങ്ങൾ പരിഗണിച്ച് ആദ്യഘട്ടം ആറ്റിങ്ങൽവരെ നീട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ 27.4 കിലോമീറ്ററാണ് ഉൾപ്പെടുന്നത്. ടെക്നോസിറ്റി (പള്ളിപ്പുറം) മുതലാണ് ഈ ഘട്ടത്തിലുണ്ടാവുക. രണ്ടാഘട്ടത്തിൽ 14.7 കിലോമീറ്ററാണ് ഉള്ളത്. ഈ ഘട്ടത്തിൽ പള്ളിച്ചൽ – നെയ്യാറ്റിൻകര (11.1 കി.മീ) ടെക്നോസിറ്റി – മംഗലപുരം (3.7കി.മീ), ഈഞ്ചയ്ക്കൽ – വിഴിഞ്ഞം (14.7കി.മീ) പാതകൾക്കും ശുപാർശയുണ്ട്.

തിരുവനന്തപുരം മെട്രോയ്ക്കായി പള്ളിപ്പുറം, പള്ളിച്ചൽ എന്നിവിടങ്ങളിലാണ് ഫീൽഡ് സർവേ തുടങ്ങിയിരിക്കുന്നത്. 41 കിലോമീറ്ററിൽ ലേസർ സർവേയാണ് നടത്തുക. മൂന്ന് മാസത്തിനകം ഡിപിആർ തയ്യാറാക്കാൻ കൊച്ചി മെട്രോ ലിമിറ്റഡാണ് ഡിഎംആർസിയെ ചുമതലപ്പെടുത്തിയത്. ജനുവരിയിൽ ഡിപിആർ സർക്കാരിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ദേശീയപാതാവികസനം, ബൈപ്പാസ് അടക്കമുള്ളവ പരിഗണിച്ചാവും അലൈൻമെന്‍റ് തയ്യാറാക്കുക. ഡിപിആർ തയ്യാറാക്കുന്നതിനുള്ള ഒരു പ്രാരംഭ ഘടകമാണ് ഫീൽഡ് സർവേ, സമഗ്ര ഗതാഗത പദ്ധതി (സിഎംപി), സമാന്തര അനാലിസിസ് റിപ്പോർട്ട് (എഎആർ) എന്നിവയും തയ്യാറാക്കുമെന്ന് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹറ പറഞ്ഞു.

ടെക്‌നോസിറ്റി, പള്ളിപ്പുറം, കണിയാപുരം, കഴക്കൂട്ടം ജങ്ഷൻ, കാര്യവട്ടം, ഗുരുമന്ദിരം, പാങ്ങപ്പാറ, ശ്രീകാര്യം, പോങ്ങുംമൂട്, ഉള്ളൂർ, കേശവദാസപുരം, പട്ടം, പ്ലാമൂട്, പാളയം, തമ്പാലാനോർ, എന്നിവിടങ്ങളിലാണ് നിലവിൽ സ്റ്റേഷനുകൾ പദ്ധതിയിടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week