KeralaNews

പോപ്പുലർഫിനാൻസ് തട്ടിപ്പ്; വിദേശത്ത് കടക്കാൻ ശ്രമിച്ച റോയി ഡാനിയേലിന്‍റെ മക്കളെ കൊച്ചിയിൽ എത്തിച്ചു

പത്തനംതിട്ട : ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ തോമസ് ഡാനിയേലിന്റെ മക്കളെ കൊച്ചിയിൽ എത്തിച്ചു. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

അതേസമയം പോപ്പുലർ ഫിനാൻസിനെതിരെയുള്ള പരാതികൾ ഇപ്പോൾ പത്തനംതിട്ടയും കടന്ന് സംസ്ഥാനത്ത് മുഴുവനായി വ്യാപിക്കുകയാണ്. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതികളുടെ പ്രവാഹമാണ്. നിലവിൽ കേസന്വേഷിക്കുന്ന അടുർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം കോന്നി, പത്തനംതിട്ട സ്റ്റേഷനുകളിൽ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ്.

എന്നാൽ പരാതികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്. ഇതുവരെയുള്ള കണക്കുകളെല്ലാം പ്രാഥമിക കണക്കുകൂട്ടലാണ്. മുഴുവൻ ശാഖകളിലേയും നിക്ഷേപകരുടെ പൂർണ കണക്കെടുത്തെങ്കിൽ മാത്രമെ കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിക്കുകയുള്ളു.

ഇതുവരെയുള്ള അന്വേഷണ പ്രകാരം എത്ര രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പൊലീസ് നിശ്ചയിച്ചിട്ടില്ല. എത്ര നിക്ഷേപകരുണെന്നതും അന്വേഷിക്കുകയാണ്. ഭൂരിഭാഗം പേരും നിക്ഷേപിച്ച തുക സംബന്ധിച്ച് പുറത്ത് പറയാൻ തയ്യാറായിട്ടില്ല. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച നിരവധി ഉദ്യോഗസ്ഥരും സിനിമ സീരിയൽ രംഗത്തെ പ്രമുഖരും പണം നിക്ഷേപിച്ചവരിലുണ്ട്. ഇവരിൽ പലരും ഇതുവരെ പരാതി നൽകിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button