മുംബൈ:സിനിമ, ടിവി സെലിബ്രിറ്റി ഉള്ളടക്കങ്ങളുടെ ലോകത്തിലെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ ഉറവിടമായ ഐഎംഡിബിയുടെ 2022-ലെ ഏറ്റവും ജനപ്രിയരായ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ബോളിവുഡ് താരങ്ങളെ പിന്നിലാക്കി ധനുഷ് ഒന്നാമത്. ഹോളിവുഡ് സിനിമയിൽവരെ ശ്രദ്ധേയ താരമായി മാറിയതാണ് ധനുഷിന് നേട്ടമായത്. ബോളിവുഡ് നായികമാരായ ആലിയ ഭട്ടും ഐശ്വര്യ റായിയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ഐഎംഡിബിയിലെ 200 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരുടെ യഥാർത്ഥ പേജ് കാഴ്ചകളെ അടിസ്ഥാനമാക്കിയാണ് ജനപ്രിയ താരങ്ങളുടെ പട്ടിക തയാറാക്കിയത്. തെലുങ്ക് സിനിമാ താരം രാം ചരൺ തേജ, സാമന്ത റൂത്ത് പ്രഭു, ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ,കിയാര അദ്വാനി, തെലുങ്ക് താരം എൻ.ടി. രാമറാവു ജൂനിയർ, അല്ലു അർജുൻ, കന്നടയിൽ നിന്നും യാഷ് എന്നിവരാണ് നാലു മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ ഇടം നേടിയത്.
നെറ്റ്ഫ്ലിക്സ് ഒറിജിനലായ ദി ഗ്രേ മാൻ, തമിഴ് സിനിമകളായ മാരൻ, തിരുച്ചത്രമ്പലം, നാനേ വരുവൻ, വാതി എന്നിവയുൾപ്പെടെയുള്ള വിജയം നേടിയ ബഹുഭാഷാ റിലീസുകളിലൂടെ ആരാധകരുടെ താൽപര്യം വർധിപ്പിച്ചതാണ് ധനുഷിനു നേട്ടമായത്. എസ്.എസ്. രാജമൗലി സംവവിധാനം ചെയ്ത ആർആർആറിലെ പ്രകടനമാണ് ആലിയ ഭട്ട്, രാം ചരൺ തേജ, എൻ.ടി. രാമറാവു ജൂനിയർ എന്നിവരെ പട്ടികയിലെത്തിച്ചത്.
ഹിന്ദി ചിത്രം ഗംഗുബായി കത്തിയവാഡി, ഡാർലിംഗ്സ്, ബ്രഹ്മാസ്ത്ര ഭാഗം 1- ശിവ എന്നീ ചിത്രങ്ങൾ നായികമാരിൽ ആലിയ ഭട്ടിനെ മുന്നിലെത്തിച്ചു. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ: ഭാഗം ഒന്നിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ അഞ്ച് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ഐശ്വര്യ റായ് ബച്ചനും ജുഗ് ജുഗ് ജീയോ, ഭൂൽഭൂലയ്യ – 2 എന്നീ ചിത്രങ്ങൾ കിയാര അദ്വാനിക്കും ഇരട്ടി മധുരം നൽകുന്നു.
2022-ലെ ഏറ്റവും ജനപ്രിയരായ 10 ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ പ്രതിവാര റാങ്കിംഗ് ചാർട്ടിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ താരങ്ങളെയാണ് ഉൾപ്പെടുത്തുന്നത്. ലോകമെമ്പാടുമുള്ള 200 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരുടെ യഥാർത്ഥ പേജ് കാഴ്ചകളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് രേഖപ്പെടുത്തുന്നത്. ഇന്ത്യൻ സിനിമ, വെബ് സീരീസ് താരങ്ങൾ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ ലോകമെങ്ങുമുള്ള ആളുകൾ ആശ്രയിക്കുന്ന ഓൺലൈൻ പോർട്ടാണ് ഐഎംഡിബി.
“വിവിധ പ്രദേശങ്ങളിലുള്ള കലാകാരന്മാർ ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. ഇത് രാജ്യമെമ്പാടുമുള്ള കലാകാരന്മാരുടെ പ്രതിഭയുടെ വ്യാപ്തിക്കുള്ള തെളിവാണ്. ധനുഷിനെപ്പോലുള്ള നടന്മാർ അംഗീകരിക്കപ്പെടുകയും ഹോളിവുഡ് താരങ്ങളായ റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ് എന്നിവരോടൊപ്പം അഭിനയിക്കുകയും ചെയ്യുമ്പോൾ തന്നെ, എൻ.ടി. രാമറാവു ജൂനിയറും രാം ചരൺ തേജയും ആർആർആർ എന്ന ഏറ്റവും മികച്ച ചിത്രത്തിൻ്റെ പേരിൽ ആഘോഷിക്കപ്പെടുന്നതിനും നമ്മൾ സാക്ഷ്യം വഹിച്ചു. നടി ഐശ്വര്യ റായ് ബച്ചൻ്റെ സിനിമയിലേക്കുള്ള തിരിച്ചുവരവും നിരൂപകരുടെയും ആരാധകരുടെയും വ്യാപക പ്രശംസ നേടി.
ഇതുവരെ സിനിമയിൽ എനിക്ക് ലഭിച്ച ഏറ്റവും അവിസ്മരണീയമായ വർഷമാണ് 2022. പ്രേക്ഷകർ നൽകിയ സ്നേഹത്തിന് ഞാൻ എന്നേക്കും നന്ദിയുള്ളവളാണ്. ഈ വർഷം എൻ്റെ സിനിമകൾക്ക് നൽകിയ സ്നേഹത്തിന് പ്രേക്ഷകരോട് എനിക്ക് ഏറെ നന്ദിയും കടപ്പാടുമുണ്ട്. ഒപ്പം നമ്മുടെ രാജ്യത്തെ മികച്ച ചലച്ചിത്ര പ്രവർത്തകരുമായും കലാകാരന്മാരുമായും സഹകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുകയും ചെയ്യുന്നു.
ഐഎംഡിബി ജനങ്ങളുടെ അഭിപ്രായത്തിൻ്റെ യഥാർത്ഥ സാക്ഷ്യമാണ്, ഞാൻ ക്യാമറയെ അഭിമുഖീകരിക്കുന്നിടത്തോളം കാലം എനിക്ക് പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയുമെന്നാണ് എൻ്റെ പ്രതീക്ഷ! എല്ലാ ആശംസകളും സ്നേഹവും നേരുന്നു. ഒരിക്കൽക്കൂടി നന്ദി” പട്ടികയിൽ മുൻ നിരയിൽ ഇടം നേടിയതിനെക്കുറിച്ച് ആലിയ ഭട്ട് പറഞ്ഞു.