ചെന്നൈ:മികച്ച പ്രേക്ഷകപിന്തുണയുമായി ബോക്സോഫീസിൽ കുതിക്കുകയാണ് മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ 2. റിലീസ് ചെയ്ത് രണ്ടാം ദിനം നൂറുകോടി ക്ലബിൽ കയറിയിരിക്കുകയാണ് ചിത്രം. പി.എസ്.2 വിന്റെ ആഗോള കളക്ഷൻ നൂറുകോടിയായെന്ന് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചു.
ട്വിറ്ററിലൂടെയാണ് ലൈക്ക ഈ വിവരം അറിയിച്ചത്. ഹൃദയങ്ങളും ബോക്സോഫീസും കീഴടക്കുന്നുവെന്നാണ് അവർ ട്വീറ്റ് ചെയ്തത്. നൂറുകോടി നേട്ടത്തിന്റെ വീഡിയോയും നിർമാതാക്കൾ പങ്കുവെച്ചിട്ടുണ്ട്. 115 കോടിയോളമാണ് ചിത്രത്തിന്റെ രണ്ടുദിവസത്തെ കളക്ഷനെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
32 കോടിയാണ് ആദ്യ ദിവസം ഇന്ത്യയിൽ നിന്നുമാത്രം ചിത്രം നേടിയത്. രണ്ടാം ദിവസം 24 കോടിയും. തമിഴ്നാടിന് പുറമേ കേരളത്തിലും മികച്ച അഭിപ്രായവും കളക്ഷനുമാണ് പി.എസ്.2 സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. വൻതാരനിര ഒന്നിച്ച പൊന്നിയിൻ സെൽവൻ 2 ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
തമിഴ്, മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. ബി ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
2023 ൽ നേരത്തെ തമിഴിൽ നിന്നും വേൾഡ് വൈഡ് നേടിയതിൽ 47.5 കോടിയുമായി വരിസും 41 കോടിയുമായി തുനിവുമായിരുന്നു ഇതുവരെ മുന്നിൽ. ഇതോടെ 2023 ൽ തമിഴിലെ പുതിയ റെക്കോർഡ് കളക്ഷനാണ് പിഎസ് 2 നേടിയിരിക്കുന്നത്. 500 കോടി ബജറ്റിൽ രണ്ടു ഭാഗങ്ങളായി ഒരുക്കിയ പാന്നിയിൻ സെൽവൻ്റെ ഒന്നാം ഭാഗം 450 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയിരുന്നു. രണ്ടാം ഭാഗം ഒന്നിനേക്കാൾ മികച്ച പ്രതികരണം നേടിയതിനാൽ പുതിയ കളക്ഷൻ റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.