KeralaNews

Kochi Water Metro: ഇന്നലെ കയറിയത് 8415 പേർ, വാട്ടർ മെട്രോ ഹൗസ്ഫുൾ; കാക്കനാട് റൂട്ടും ഹിറ്റ്

കൊച്ചി: കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ സൂപ്പർ ഹിറ്റ്. സർവീസ് ആരംഭിച്ച് ഓരോ ദിവസം കഴിയുമ്പോഴും മികച്ച പ്രതികരണമാണ് വാട്ടർ മെട്രോയ്ക്ക് ലഭിക്കുന്നത്. ആദ്യ ദിവസം 6559 പേരാണ് ബോട്ടുകളിൽ കയറിയതെങ്കിൽ ഇന്നലെ 8415 പേർ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്. 6559, 7117, 7922, 8415 എന്നിങ്ങനെയാണ് കഴിഞ്ഞദിവസങ്ങളിൽ വാട്ടർ മെട്രോയിൽ കയറിയ ആളുകളുടെ എണ്ണം.

കൊച്ചി വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുള്ളാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചു. ഓരോ ദിവസവും കൂടുതലാളുകൾക്ക് സർവീസ് നൽകിക്കൊണ്ട് രാജ്യത്തിനാകെ മാതൃക തീർക്കുകയാണ് വാട്ടർമെട്രോയെന്നും അദ്ദേഹം പറഞ്ഞു. മികച്ച കണക്‌ടിവിറ്റിയും ചിലവ് കുറഞ്ഞ പെട്ടെന്നുള്ള യാത്രയുമാണ് വാട്ടർമെട്രോയിലേക്ക് കൂടുതലാളുകളെ ആകർഷിക്കുന്നത്.

വിശാലമായ പാർക്കിങ് സൗകര്യത്തിനൊപ്പം കെഎസ്‌ആർടിസിയുടെ ഫീഡർ സർവീസുകളും വാട്ടർമെട്രോ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ കൂടുതൽ ജട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി വാട്ടർമെട്രോ വിപുലീകരിക്കും. കൂടുതൽ ബോട്ടുകളും യാത്രക്കാർക്കായി നീരിലിറങ്ങും. ലോകത്തിന് മുന്നിൽ കേരളത്തിന്‍റെ മുന്നേറ്റം വ്യക്തമാക്കുന്ന മറ്റൊരു നാഴികക്കല്ലായിരിക്കും കൊച്ചി വാട്ടർമെട്രോയെന്നും മന്ത്രി പറഞ്ഞു.


ചിത്രപ്പുഴ പാലത്തിനുതാഴെ ഇൻഫോപാർക്ക്‌ എക്‌സ്‌പ്രസ്‌വേക്കു സമീപം ചിറ്റേത്തുകരയിലാണ്‌ കാക്കനാട്‌ ടെർമിനൽ. വിശാലമായ പാർക്കിങ് സൗകര്യമുണ്ട്‌ ടെർമിനലിൽ. കെഎസ്‌ആർടിസിയുടെ ഫീഡർ സർവീസുകളുമുണ്ടാകും. കെഎംആർഎല്ലിന്‍റെ അഞ്ച്‌ വൈദ്യുതി ഓട്ടോകളും സൈക്കിളുകളും യാത്രികർക്ക്‌ ലഭ്യമാകും. തൃപ്പൂണിത്തുറ ഭാഗത്തുനിന്ന്‌ കാക്കനാട്ടേക്കും ആലുവ, അങ്കമാലി ഭാഗത്തേക്കും സീപോർട്ട്‌-എയർപോർട്ട്‌ വഴി മിനിറ്റുകളുടെ ഇടവേളയിൽ കെഎസ്‌ആർടിസിയും സ്വകാര്യബസുകളും സർവീസ്‌ നടത്തും.

വാട്ടർമെട്രോയുടെ രണ്ടാമത്തെ സർവീസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വൈറ്റില മൊബിലിറ്റി ഹബ്ബ്‌ പരിസരത്തെ ടെർമിനലിൽനിന്ന്‌ കാക്കനാട്‌ ചിറ്റേത്തുകരയിലേക്കാണ്‌ ഈ സർവീസ്‌. ഹൈക്കോടതി ടെർമിനലിൽനിന്ന്‌ വൈപ്പിനിലേക്കുള്ള ബോട്ട്‌ സർവീസിന് പുറമെയാണിത്. കാക്കനാട്ടേക്കുള്ള 5.2 കിലോമീറ്ററിൽ രണ്ട്‌ ബോട്ടുകളാണ്‌ തുടക്കത്തിൽ ഓടുക. രാവിലെ എട്ടുമുതൽ പകൽ 11 വരെയും വൈകിട്ട്‌ നാലുമുതൽ രാത്രി ഏഴുവരെയുമാണ്‌ സർവീസ്‌. ആറ്‌ ട്രിപ്പുകളാണ്‌ ഉണ്ടാകുക. 23 മിനിട്ടാണ്‌ യാത്രാസമയം.

കാക്കനാടിനും വൈറ്റിലയ്‌ക്കുമിടയിൽ വേറെ സ്‌റ്റോപ്പുകളില്ല. 30 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. കാക്കനാട്‌, വൈറ്റില ടെർമിനലുകളിൽനിന്ന്‌ ഒരേസമയം സർവീസ്‌ ആരംഭിച്ചാകും തുടക്കം. ഇൻഫോപാർക്കുവരെ നീളുന്ന സർവീസിന്‍റെ ആദ്യഘട്ടമായാണ്‌ കാക്കനാട്ടേക്ക്‌ വാട്ടർ മെട്രോ എത്തുന്നത്‌. എരൂർ കപ്പട്ടിക്കാവ്‌ ക്ഷേത്രത്തിനടുത്തുള്ള ടെർമിനലും വൈകാതെ യാഥാർഥ്യമാകും. എരൂർ ഭാഗത്ത്‌ വാട്ടർ മെട്രോ ടെർമിനൽ നിർമാണം അന്തിമഘട്ടത്തിലാണ്‌.


പത്തു ദ്വീപുകളുമായി ബന്ധപ്പെടുത്തുന്ന വാട്ടർ മെട്രോക്ക് നേതൃത്വം നൽകാൻ കെ എം ആർ എൽ വേണമെന്ന് സർക്കാർ നിശ്ചയിക്കുമ്പോൾ കടമ്പകളേറെയായിരുന്നെന്നാണ് പി രാജീവ് പറയുന്നത്. കേന്ദ്ര സർക്കാർ ഫണ്ട് നൽകില്ലെന്നും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിന് കെ എം ആർ എല്ലിന് തടസ്സങ്ങളില്ലെന്നുമായിരുന്നു കേന്ദ്ര ഗവൺമെന്‍റിന്‍റെ നിലപാട്. ആ വ്യവസ്ഥ അംഗീകരിച്ചു കൊണ്ടാണ് സംസ്ഥാനം പദ്ധതി നടപ്പിലാക്കിയത്. കൊച്ചി വാട്ടർ മെട്രോയ്ക്ക് 1136.83 കോടി രൂപയാണ് ചെലവ്‌. ഈ തുകയിൽ ജർമൻ ഫണ്ടിങ്‌ ഏജൻസിയായ കെഎഫ്ഡബ്യുവിന്‍റെ വായ്പയും സംസ്ഥാന സർക്കാരിന്‍റെ നേരിട്ടുള്ള നിക്ഷേപവും ഉൾപ്പെടുന്നുണ്ട്.

ആധുനിക ബോട്ട് നിർമ്മിക്കാനുള്ള കരാർ കൊച്ചി കപ്പൽശാലക്ക് നൽകി. ഒറ്റയടിക്ക് ഇത്രയും ആധുനിക ബോട്ടുകളുടെ ഓർഡർ കപ്പൽശാലക്ക് ലഭിക്കുന്നത് ആദ്യമായാണ്. ലോകത്ത് ആദ്യമായാണ് ഇത്രയും സൗകര്യങ്ങളുള്ള റിന്യൂവബിൾ എനർജി ഉപയോഗിക്കുന്ന ബോട്ടുകളെ ഉപയോഗപ്പെടുത്തുന്ന സംയോജിത ഗതാഗത സംവിധാനം വരുന്നത്.

വാട്ടർ മെട്രോയുടെ നടത്തിപ്പ് സംസ്ഥാന സർക്കാരും കെ എം ആർഎല്ലും ഉൾപ്പെടുന്ന പുതിയ കമ്പനിയുടെ നിയന്ത്രണത്തിലാണ്. ചീഫ് സെക്രട്ടറി ചെയർമാനും കെ എം ആർ എൽ മാനേജിംഗ് ഡയറക്ടർ എംഡിയുമായ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിലെ ഏഴു ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ചെയർമാനടക്കം അഞ്ചു പേർ സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധികളും എംഡിയടക്കം രണ്ടു പേർ കെ എം ആർ എല്ലിന്‍റെ പ്രതിനിധികളുമാണ്. അതിൽ കേന്ദ്ര സർക്കാരിന്‍റെ പ്രതിനിധികൾ ആരും ഇല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker