ലഖ്നൗ: ഹഥ്രാസിലെ പെൺകുട്ടിയുടെ മരണത്തിൽ കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയമാക്കണെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ഉത്തരവ് വിവാദത്തിൽ. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള യുപി സർക്കാരിന്റെ ഉത്തരവ്.
പെൺകുട്ടിയുടെ കുടുംബത്തെ പൊലീസ് മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാൻ അനുവദിക്കാതെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയാണ് നുണ പരിശോധനാ നീക്കവും വിവാദത്തിലാകുന്നത്. അതേസമയം, സംഭവത്തിൽ മുഖം രക്ഷിക്കൽ നടപടികളുമായി ഉത്തർ പ്രദേശ് സർക്കാർ ഇന്നലെ രംഗത്തെത്തി.
കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച്ച ഉണ്ടായെന്ന കണ്ടെത്തലിനെത്തുടർന്ന് സൂപ്രണ്ട് ഉൾപ്പടെ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കേസ് സിബിഐക്ക് വിടുന്ന കാര്യവും സർക്കാർ പരിഗണയിലാണെന്നാണ് സൂചന. ഇതിനിടെ പെൺകുട്ടിയുടെ ഗ്രാമം സന്ദർശിക്കുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചു.