പൊള്ളാച്ചി: വിവാദമായ പൊള്ളാച്ചി പീഡനക്കേസിൽ നാല് അണ്ണാഡിഎംകെ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തു. ഇവരുടെ ഫോണിൽ നിന്ന് സ്കൂൾ വിദ്യാർത്ഥിനികളുടെ ഉൾപ്പടെ ചിത്രങ്ങൾ കണ്ടെത്തി.കേസിൽ രണ്ട് മന്ത്രി പുത്രൻമാരുടെ പങ്കും സിബിഐ പരിശോധിക്കുകയാണ്.
അണ്ണാഡിഎംകെ യുവജന വിഭാഗം സെക്രട്ടറി ഉൾപ്പടെയാണ് അറസ്റ്റിലായത്. യുവ നേതാക്കളുടെ ഫോണിലും ലാപ് ടോപ്പിൽ നിന്നും സ്കൂൾ വിദ്യാർത്ഥിനികൾ അടക്കം നിരവധി സത്രീകളുടെ നഗ്നചിത്രങ്ങൾ കണ്ടെത്തി.
ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി രണ്ട് വർഷത്തോളമായി അമ്പതിലധികം പെൺകുട്ടികളെയാണ് യുവനേതാക്കൾ പീഡിപ്പിച്ചത്. ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പെൺകുട്ടികളെ കെണിയിൽ വീഴ്ത്തിയത്.
പ്രണയം നടിച്ച് തമിഴ്നാടിൻ്റെ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പീഡനവിവരം പുറത്തു പറഞ്ഞാൽ ചിത്രങ്ങൾ ഓൺലൈനിൽ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ചില പെൺകുട്ടികളിൽ നിന്ന് സ്വർണവും കൈക്കലാക്കി.
19-കാരിയായ പൊള്ളാച്ചി സ്വദേശിനിയുടെ കുടുംബം മാധ്യമങ്ങൾ മുമ്പാകെ നടത്തിയ വെളിപ്പെടുത്തലാണ് നിർണായകമായത്. പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കഴിഞ്ഞ വർഷമാണ് സിബിഐ കേസ് ഏറ്റെടുത്തത്.
രണ്ട് അണ്ണാഡിഎംകെ മന്ത്രിമാരുടെ മക്കളുടെ പങ്കാണ് സിബിഐ സംശയിക്കുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്ക് പരിശോധിക്കുകയാണ്. പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെയാണ് അറസ്റ്റ്.