ആലപ്പുഴ പള്ളാത്തുരുത്തിയിൽ വാഹനാപകടം: കോട്ടയം സ്വദേശി മരിച്ചു

ആലപ്പുഴ: പള്ളാത്തുരുത്തിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.
മുൻപിൽ പോയ വാഹനത്തില്‍ നിന്നും പടുത(ടര്‍പ്പോള) തെറിച്ചു മുകളില്‍ വീണ ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി ടോറസിലിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഓടിച്ചിരുന്ന കോട്ടയം പള്ളം നെടുമ്പറമ്പില്‍ സജീവ് (54) ആണ് മരിച്ചത്.

വണ്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ലീലാമ്മയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളാത്തുരുത്തി ഒന്നാം പാലത്തിനു സമീപത്തായിരുന്നു അപകടം. ആക്രിസാധനങ്ങളുമായി മുൻപിൽ പോയ മിനി ലോറിയിലിട്ടിരുന്ന പടുത പറന്ന് ഓട്ടോയുടെ മുകളില്‍ വീഴുകയായിരുന്നു. ഇതോടെ ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിരേ വന്ന വലിയ ടിപ്പര്‍ ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു.

ലോറിയുടെ അടിയിലേക്കു കയറിപ്പോയ ഓട്ടോറിക്ഷയില്‍ നിന്നും നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ഓട്ടോ പൂര്‍ണമായും തകര്‍ന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News