കൊല്‍ക്കത്ത: ബംഗാളിന്റെ മണ്ണില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അസ്തമിച്ചിട്ടും അധികാരം വിട്ടൊഴിയാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 207 സീറ്റുകളുമായി വന്‍ ഭൂരിപക്ഷം നേടിയിട്ടും, തോല്‍വി സമ്മതിക്കില്ലെന്നും രാജി വെക്കില്ലെന്നുമുള്ള മമതയുടെ വിചിത്ര നിലപാട് ബംഗാളിനെ നാടകീയ രംഗങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇതോടെ മമതയെ ഭരണഘടനാപരമായി പുറത്താക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരും ഗവര്‍ണറും സജീവമാക്കി.
80 സീറ്റുകളിലേക്ക് ഒതുങ്ങി നാണംകെട്ട പരാജയം ഏറ്റുവാങ്ങിയിട്ടും മമതയുടെ വാശിക്ക് കുറവില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കി വിചിത്രമായ ആരോപണങ്ങളാണ് ദീദി ഉയര്‍ത്തുന്നത്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മുകളില്‍ 90 ശതമാനം ചാര്‍ജ് ബാക്കിയുണ്ടായിരുന്നുവെന്നും ഇത് അട്ടിമറിയുടെ തെളിവാണെന്നും മമത ആരോപിക്കുന്നു. കമ്മീഷന്‍ ബിജെപിയെ സഹായിച്ചുവെന്നും തന്റേതാണ് ധാര്‍മ്മിക വിജയമെന്നുമാണ് മമതയുടെ വാദം. ഗവര്‍ണറെ കാണാന്‍ പോലും തയ്യാറാകാത്ത മമതയുടെ നിലപാട് ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
രാജി നല്‍കാന്‍ വിസമ്മതിക്കുന്ന മമതയെ പുറത്താക്കാന്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 പ്രകാരം ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജി വെക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഗവര്‍ണര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് വിശ്വാസ വോട്ടെടുപ്പ് നടത്താനോ, അല്ലെങ്കില്‍ നേരിട്ട് മമതയെ പുറത്താക്കി ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാനോ ഉള്ള സാധ്യതകളാണ് കേന്ദ്രം ആരായുന്നത്.
നിയമസഭയുടെ കാലാവധി അവസാനിക്കുന്നതോടെ അത് പിരിച്ചുവിടണം. എന്നാല്‍ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിക്ക് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതു വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അവകാശമുണ്ട്. ഒരേ സമയം രണ്ട് മുഖ്യമന്ത്രിമാര്‍ എന്നത് പ്രായോഗികമല്ല. ഒന്നോ രണ്ടോ ദിവസത്തേക്കാണെങ്കില്‍ പോലും ഇത്തരമൊരു സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിനാണ് സാധ്യത.
സഭയില്‍ ഭൂരിപക്ഷം നിലനിര്‍ത്തുന്നിടത്തോളം കാലമെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കഴിയൂ എന്ന് ഭരണഘടന പറയുന്നുത്. 80 സീറ്റുകള്‍ മാത്രം നേടിയ തൃണമൂല്‍ കോണ്‍ഗ്രസിന് ഇത് സാധ്യമല്ല. സാങ്കേതികമായി മമത രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് ലോക്സഭാ മുന്‍ സെക്രട്ടറി ജനറലുമായ പി.ഡി.ടി. ആചാരി പറയുന്നത്. അഞ്ചു വര്‍ഷത്തിന് ശേഷം ഒരു സര്‍ക്കാറിനും തുടരാന്‍ സാധിക്കില്ല. മമതയ്ക്ക് മേയ് ആറു വരെ മാത്രമെ മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കുകയുള്ളൂ. അതിനു ശേഷം മമത മുഖ്യമന്ത്രിയാല്ലാതായി മാറുമെന്നും അദ്ദേഹം വിശദീകരിച്ചു.
അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ നോക്കുന്ന മമതയെ ഗവര്‍ണര്‍ എപ്പോള്‍ പുറത്താക്കും എന്നതാണ് ഇനി അറിയേണ്ടത്. ബംഗാളില്‍ ബിജെപി യുഗം തുടങ്ങുമ്പോള്‍ ദീദിയുടെ പിന്‍വാങ്ങല്‍ അത്ര സുഖകരമാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. അഥേസമയം ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ബംഗാളില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കേന്ദ്രസേനയ്ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മമതയുടെ അനുയായികള്‍ തെരുവിലിറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് കൊല്‍ക്കത്തയും പരിസര പ്രദേശങ്ങളും സൈനിക നിരീക്ഷണത്തിലാണ്. പരാജയം ഉള്‍ക്കൊള്ളാതെ ജനവിധിയെ വെല്ലുവിളിക്കുന്ന മമതയുടെ നടപടിക്കെതിരെ ദേശീയ തലത്തിലും വിമര്‍ശനം ശക്തമായിക്കഴിഞ്ഞു.

