പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. കോന്നി സ്റ്റേഷനിലെ പോലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം കണ്ടെത്താത്ത രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പത്തനംതിട്ട ജില്ല.
കഴിഞ്ഞ ദിവസം ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കോന്നി സ്റ്റേഷനിലെ ഉദ്യോഗസ്ഥന് കൂടി രോഗം കണ്ടെത്തിയിരിക്കുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചയാള്‍ കുറച്ച് ദിവസങ്ങളായി അവധിയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഇയാള്‍ കോന്നി സ്റ്റേഷനില്‍ എത്തിയതായാണ് വിവരം. ഈ സാഹചര്യത്തില്‍ സിഐ അടക്കം 35 ഓളം പോലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേഷന് അടച്ചിടണോ എന്നതില്‍ ജില്ലാ പോലീസ് മേധാവി തീരുമാനമെടുക്കും.
ഉറവിടം കണ്ടെത്താത്ത രോഗികള്‍ വര്‍ധിക്കുന്നതിനാല്‍ പത്തനംതിട്ട ഇലുവുംതിട്ട മാര്‍ക്കറ്റ് ഈ മാസം 25 വരെ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു. പത്തനംതിട്ട, പന്തളം, കുളനട പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണ്‍ ആയ സാഹചര്യത്തിലാണ് നടപടി. അതേസമയം, പത്തനംതിട്ട അടൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കൊവിഡ് വ്യാജ പ്രചരണം നടത്തിയ രണ്ട് പേരെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.