NationalNews

ഡ്രീം 11 കളിച്ച പൊലീസുകാരൻ കോടീശ്വരനായി, അക്കൗണ്ടിലെത്തിയത് 1.5 കോടി; പിന്നാലെ ഡിപ്പാർട്ട്‌മെന്റിന്റെ ‘സമ്മാനം’

പൂനെ: ഒരുകാലത്ത് യുവാക്കളുടെ പ്രിയപ്പെട്ട ഓൺലൈൻ ഗെയിമിംഗ് ആപ്പായിരുന്നു പബ്ജി. എന്നാൽ ഇന്ത്യയിൽ പബ്ജി നിരോധിച്ചതോടെ മറ്റ് ഓൺലൈൻ ആപ്പുകൾക്ക് ആരാധകർ കൂടി. അങ്ങനെ ആരാധകർ കൂടിയ ഒരു ഫാന്റസി ഗെയിമിംഗ് ആപ്പായിരുന്നു ഡ്രീം 11. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഉൾപ്പടെയുള്ള മുൻനിര താരങ്ങൾ അഭിനയിച്ച പരസ്യം കൂടി ഹിറ്റായതോടെ ഡ്രീം 11ന് ആരാധകർ ഏറി വന്നു. ഡ്രീം 11ലൂടെ കളിച്ച് പണം നേടിയവരുടെ വാർത്തയും പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്നാൽ ഇപ്പോഴിതാ ഡ്രീം 11 ഗെയിം കളിച്ച് കോടികൾ അക്കൗണ്ടിലെത്തി പുലിവാല് പിടിച്ച പൊലീസുകാരനെ കുറിച്ചാണ് വാർത്തകളിൽ ഇടം നേടുന്നത്. പൂനെ പൊലീസ് സബ് ഇൻസ്‌പെക്ടറായ സോംനാഥ് ഷിൻഡെയ്ക്ക് 1.5 കോടി രൂപയാണ് അക്കൗണ്ടിൽ ഗെയിം കളിച്ചതിന് പിന്നാലെ ലഭിച്ചത്. തന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇതോടെ അവസാനിച്ചെന്ന് കരുതിയ ഷിൻഡെ ഇപ്പോൾ പുലിവാല് പിടിച്ച അവസ്ഥയിലാണ്.

ഗെയിം കളിച്ച് അക്കൗണ്ടിൽ പണം എത്തിയതോടെ ഷിൻഡെയ്‌ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. പൊലീസ് സബ് ഇൻസ്‌പെക്ടർ പോലുള്ള ഉത്തരവാദിത്തമുള്ള സ്ഥാനത്തിരുന്ന് ചൂതാട്ടം പോലുള്ള ഫാന്റസി ഗെയിമിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ചാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതോടെ വീടിന്റെ ലോൺ അടച്ച് തീർക്കാമെന്നും മക്കളുടെ വിദ്യാഭ്യാസത്തിന് പണം നീക്കി വയ്ക്കണമെന്നും കരുതിയ ഷിൻഡെ ഇപ്പോൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

ഡിസിപി സ്വപ്ന ഗോരയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതെന്ന് എസിപി സതീഷ് മാനെ അറിയിച്ചു. ‘പൊലീസ് ഡിപ്പാട്ട്‌മെന്റിൽ ജോലി ചെയ്തുകൊണ്ട് ഇത്തരം ഓൺലൈൻ ഗെയിമുകളിൽ പങ്കെടുക്കാൻ സാധിക്കുമോ? അദ്ദേഹം നിയമം പാലിച്ചിട്ടുണ്ടോ? ഈ ഗെയിം നിയമപരമായി അംഗീകരിച്ചതാണോ? ഇങ്ങനെ ലഭിക്കുന്ന പണത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കാമോ? അങ്ങനെ എല്ലാ കാര്യങ്ങളും അന്വേഷിക്കും. ഡിസിപി സ്വപ്ന ഗോരെയ്ക്കാണ് അന്വേഷണ ചുമതല’- എസിപി വ്യക്തമാക്കി.

ഫാന്റസി ഗെയിമിംഗ് ആപ്പ് എന്നാണ് ഡ്രീം 11നെ വിളിക്കുന്നത്. 7535 കോടി ആസ്തിയുള്ള കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഗെയിമിംഗ് സ്റ്റാർട്ടപ്പാണ്. ഈ ഗെയിം ചൂതാട്ടമാണെന്ന് ആരോപിച്ച് നിരവധി നിയമപരമായ പ്രശ്നം കമ്പനി നേരിടുന്നുണ്ട്. 2008ൽ സ്ഥാപിച്ച കമ്പനിക്ക് ഇപ്പോൾ 110 മില്യണിലധികം ഉപയോക്താക്കളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button