കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധത്തെ തുടര്‍ന്ന് പോലീസുകാരന് സസ്‌പെന്‍ഷന്‍. കാലടി സ്റ്റേഷനിലെ സിപിഒ സിയാദിനെതിരെയാണ് നടപടി. ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന് സഹായം ചെയ്തിരുന്നു സിയാദ്. ഈ സംഭവത്തില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ഹര്‍ത്താല്‍ ദിനത്തില്‍ പെരുമ്പാവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു. മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഈ ഘട്ടത്തില്‍ സ്‌റ്റേഷനിലെത്തിയ സിയാദ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് ശ്രമിക്കുകയും ഇവര്‍ക്ക് ഭക്ഷണം എത്തിക്കുകയും ചെയ്തിരുന്നു.
പി.എഫ്.ഐ പ്രവര്‍ത്തകരിലൊരാള്‍ സിയാദിന്റെ ബന്ധുവാണ്. പിന്നീട് ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിരന്തരം പി.എഫ്.ഐ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വിശദമായ അന്വേഷണം തന്നെയുണ്ടാകും.
പ്രാഥമികമായി പി.എഫ്.ഐ ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി. പി.എഫ്.ഐ നേതാക്കള്‍ക്കെതിരായ റെയ്ഡും പിന്നീട് ഹര്‍ത്താലും നടന്ന ദിവസം നിരവധി പോലീസുകാര്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. ഇത്തരത്തില്‍ 873 പോലീസുകാരുടെ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു.