വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്, പണം മടക്കി ചോദിച്ചവര്‍ക്ക്‌, കാപ്പ കേസ് പ്രതികളെ ഉപയോഗിച്ച് ഭീഷണി; കാർത്തികയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിലെ പ്രതിയും ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ ഉടമയുമായ കാര്‍ത്തിക പ്രദീപിനെ കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്യാൻ പോലീസ്. ക്വട്ടേഷന്‍ ബന്ധമുണ്ടെന്നും കാപ്പ കേസ് പ്രതികളെ ഉപയോഗിച്ച് പണം നഷ്ടമായവരെ ഭീഷണിപ്പെടുത്തിയതായുമുള്ള വിവരങ്ങളിലക്കം വ്യക്തതവരുത്തുന്നതിനാണ് പോലീസ് നീക്കം. കാർത്തിക പ്രദീപിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കുമെന്ന് എറണാകുളം സെൻട്രൽ സിഐ പറഞ്ഞു.

യുകെയില്‍ ജോലി വാഗ്ദാനംചെയ്ത് തൃശ്ശൂര്‍ സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാര്‍ത്തിക പ്രദീപിനെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍വര്‍ക്കര്‍ ജോലി ശരിയാക്കിനല്‍കാമെന്നായിരുന്നു കാര്‍ത്തികയുടെ വാഗ്ദാനം. എന്നാല്‍, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ വിവിധ ജില്ലകളിലായി 18-ഓളം പരാതികളാണ് കാർത്തികക്കെതിരേയുള്ളത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് ഇവർ ചെയ്തുവന്നിരുന്നത്.

തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാർത്തിക ഇപ്പോൾ റിമാൻഡിലാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ സംബന്ധിച്ച് വിശദമായി ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തതയുണ്ടാകൂ. അതിനായി ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ് പോലീസ്. ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും, എറണാകുളം സെൻട്രൽ സിഐ പറഞ്ഞു.

കാര്‍ത്തികയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍കോള്‍ രേഖകള്‍ വിശദമായി പരിശോധിക്കുകയാണ്. കേസില്‍ കാര്‍ത്തികയ്ക്ക് പുറമേ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നാണ് സൂചന. തട്ടിപ്പ് നടത്തുന്നതിനായി ഉപയോ​ഗിച്ച ഇവരുടെ ബാങ്ക് അക്കൗണ്ട് രേഖകളും പോലീസ് പരിശോധിക്കുകയാണ്. കാര്‍ത്തിക പ്രദീപിന് ക്വട്ടേഷന്‍ ബന്ധമുണ്ടെന്നാണ് പോലീസിന് വിവരം ലഭിച്ചിരുന്നു. കൂടാതെ പണം നഷ്ടമായവരെ കാപ്പ കേസ് പ്രതികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും വിവരങ്ങളുണ്ട്.

കാര്‍ത്തിക പ്രദീപിന്റേതെന്ന് പറയപ്പെടുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തട്ടിപ്പ് ചോദ്യം ചെയ്തവരോടായിരുന്നു കാർത്തികയുടെ രൂക്ഷമായ ഭാഷയിലുള്ള പ്രതികരണം. ‘എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുള്ളൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്നുതരുന്നതെന്തിനാണ്. മേലാല്‍ ഇങ്ങനത്തെ വര്‍ത്തമാനം കൊണ്ട് എനിക്ക് മെസേജയക്കാന്‍ വരരുത്’ എന്നായിരുന്നു കാർത്തികയുടെ പ്രതികരണം.

എറണാകുളം പുല്ലേപ്പടിക്ക് സമീപത്താണ് കാര്‍ത്തികയുടെ ‘ടേക്ക് ഓഫ് ഓവര്‍സീസ്’ എന്ന റിക്രൂട്ടിങ് ഏജന്‍സി പ്രവര്‍ത്തിച്ചിരുന്നത്. ഡോക്ടർ ആണെന്ന് പറഞ്ഞാണ് ഇവർ പരിചയപ്പെടുത്തിയിരുന്നത്. ഓസ്‌ട്രേലിയ, ജര്‍മനി, യുകെ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികള്‍ തരപ്പെടുത്തിനല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഇത്തരം ജോലിവാഗ്ദാനങ്ങളുമായി സാമൂഹികമാധ്യമങ്ങളിലൂടെയും പാതയോരങ്ങളില്‍ വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചും പരസ്യംചെയ്തിരുന്നു.

വിദേശരാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തൊഴിലവസരമുണ്ടെന്നായിരുന്നു കാര്‍ത്തികയുടെ സ്ഥാപനത്തിന്റെ പ്രധാന വാഗ്ദാനം. സോഷ്യല്‍വര്‍ക്കര്‍ ഉള്‍പ്പെടെയുള്ള ജോലികളും വാഗ്ദാനം ചെയ്തിരുന്നു. ഉദ്യോഗാര്‍ഥികളില്‍നിന്ന് മൂന്നുമുതല്‍ എട്ടുലക്ഷം രൂപ വരെയാണ് പ്രതി കൈക്കലാക്കിയിരുന്നത്. ഇവരുടെ കെണിയില്‍വീണവരില്‍ ഏറെയും സ്ത്രീകളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News