കൊച്ചിയിലെ തട്ടിക്കൊണ്ടുപോകൽ ; കുട്ടികൾ തെറ്റിദ്ധരിച്ചതാകാമെന്ന് പോലീസ്;ആരോപണത്തിൽ ട്വിസ്റ്റ്

കൊച്ചിയിൽ പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തുണയായത് കുരച്ചുചാടിയ തെരുവുപട്ടി

കൊച്ചി: ഇടപ്പള്ളി പോണേക്കരയില്‍ അഞ്ചും ആറും വയസ്സുള്ള പെണ്‍കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ‘ട്വിസ്റ്റ്’. ഉണ്ടായത് തട്ടിക്കൊണ്ടുപോകല്‍ ശ്രമം അല്ലെന്നും കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നുമാണ് വിവരം. ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഒമാന്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. മിഠായി നീട്ടിയ അപരിചിതരായതിനാല്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നാണ് നിഗമനമെന്ന് കൊച്ചി സെന്‍ട്രല്‍ എസിപി സിബി ടോം പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം തൊട്ടടുത്തുള്ള വീട്ടില്‍ ട്യൂഷനു പോകുമ്പോള്‍ കാറില്‍ എത്തിയ സംഘം മിഠായികള്‍ നീട്ടുകയും കൈയില്‍ പിടിച്ച് വലിച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു കുട്ടികള്‍ പറഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് വ്യാപക പരിശോധനയാണ് പോലീസ് നടത്തിയത്. അതേസമയം അപരിചിതരെത്തി മിഠായി നല്‍കിയതോടെ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകാമെന്നാണ് മൊഴി രേഖപ്പെടുത്തിയതില്‍ നിന്നും പോലീസ് നിഗമനം.

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കുട്ടികള്‍ പറഞ്ഞ വാഹനം കണ്ടെത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ഒമാന്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. അവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളെ കണ്ടപ്പോള്‍ സ്നേഹം കൊണ്ട് മിഠായി നീട്ടിയതാകാമെന്നാണ് കരുതുന്നത്. എന്നാല്‍ അപരിചിതര്‍ മിഠായി നീട്ടിയപ്പോള്‍ കുട്ടികള്‍ തെറ്റിദ്ധരിച്ചതാകുമെന്നാണ് കരുതുന്നത്. തട്ടിക്കൊണ്ടുപോകല്‍ ശ്രമത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി- സിബി ടോം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News