കോട്ടയം : ഒരു മണിക്കൂറിനിടെ മൂന്നു പൊലീസ് സ്റ്റേഷനുകൾക്ക് കല്ലെറിഞ്ഞ രണ്ടംഗ സംഘത്തിലെ ഒരാൾ പിടിയിൽ. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കു സമീപപ്രദേശങ്ങളിലുള്ള പൊലീസ് സ്റ്റേഷനുകൾക്കുനേരെയാണ് കല്ലേറുണ്ടായത്. വാലടി സ്വദേശിയായ സൂരജിനെ(20)യാണ് കൈനടി പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ ശ്യാം എന്നയാൾ ഒളിവിലാണ്.
കഴിഞ്ഞ ദിവസമാണ് ബൈക്കിലെത്തി സൂരജും ശ്യാമും പൊലീസ് സ്റ്റേഷനുകൾക്കുനേരെ കല്ലെറിഞ്ഞത്. കറുകച്ചാൽ, ചങ്ങനാശേരി, കൈനടി പൊലീസ് സ്റ്റേഷനുകൾക്കുനേരെയാണ് കല്ലെറിഞ്ഞത്. രാത്രി 11ന് കറുകച്ചാൽ, 11.30ന് ചങ്ങനാശേരി, 12ന് കൈനടി പൊലീസ് സ്റ്റേഷനുകൾക്കുനേരെയാണ് കല്ലെറിഞ്ഞത്.
ബൈക്കിലെത്തി, സ്റ്റേഷന് മുന്നിൽനിർത്തിക്കൊണ്ടാണ് അക്രമികൾ കല്ലെറിഞ്ഞത്. കറുകച്ചൽ സ്റ്റേഷന്‍റെ ജനൽ ചില്ലുകൾ കല്ലേറിൽ തകർന്നു. ചങ്ങനാശേരിയിൽ സ്റ്റേഷനു മുന്നിലേക്ക് നടന്നു എത്തിയാണ് കല്ലേറ് നടത്തിയത്. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഇറങ്ങിവന്നപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രമാണ് പ്രതികളെ കണ്ടെത്താൻ സഹായകരമായത്.
പിന്നീട് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതികളിലേക്ക് എത്തുകയായിരുന്നു. പലതവണ പൊലീസിനെ വെട്ടിച്ചു കടന്നെങ്കിലും സൂരജിനെ കഴിഞ്ഞ ദിവസം പൊലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. കൈനടി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്നലെ പ്രതിയെ കസ്റ്റഡിയിലെടുത്തത്.