തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പത്താം ദിവസവും മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നതിനിടെ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. മത്സ്യത്തൊഴിലാളികളുടെ സമരം തുറമുഖ നിർമ്മാണ തൊഴിലാളികളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലാണെന്നും പൊലീസും ഭരണകൂടവും നിഷ്ക്രിയത്വം പാലിക്കുകയാണെന്നും ആരോപിച്ചാണ് അദാനിഗ്രൂപ്പ് ഹര്‍ജി നൽകിയത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സംരക്ഷണം തേടി സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. പൊലീസ് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണം. കേന്ദ്ര സേനയുടെ സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാരിനും നിർദേശം നൽകണമെന്നും ഹര്‍ജിയിൽ അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നു. കരാർ കമ്പനിയും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
അതേ സമയം വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പദ്ധതി പ്രദേശത്തേക്ക് പത്താംദിവസവും മല്‍സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചെത്തി. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വെട്ടുകാട്, വലിയവേളി, കൊച്ചുവേളി ഇടവകകളിലെ മല്‍സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധത്തിനെത്തിയത്. രാവിലെ 11 മണിയോടെ പ്രകടനമായെത്തിയ ആയിരത്തിലധികം വരുന്ന പ്രതിഷേധക്കാര്‍ പൊലീസ് സ്ഥാപിച്ച രണ്ട് ബാരിക്കേഡുകളും മറിച്ചിട്ട്, പദ്ധതി പ്രദേശത്തെ ഗേറ്റും കടന്ന് അകത്ത് കയറുകയായിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥരടക്കം വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഇവരെ മറികടന്നാണ് പ്രതിഷേധക്കാര്‍ പദ്ധതി പ്രദേശത്തേക്ക് എത്തിയത്. പദ്ധതി നിര്‍ത്തിവെച്ച് പഠനം നടത്താതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് സമരക്കാര്‍. മുഖ്യമന്ത്രി ചര്‍ച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് സമരക്കാരുടെ നിലപാട്. സമരം വരും ദിവസങ്ങളിലും തുടരും.
കഴിഞ്ഞ ദിവസം, കരമാഗവും കടൽ മാഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞിരുന്നു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നു. സമരക്കാരിൽ ഒരു സംഘം കടൽ മാര്‍ഗവും നിർമ്മാണ സ്ഥലത്തേക്കെത്തി പ്രദേശം വളഞ്ഞു. തുറമുഖ പദ്ധതിക്ക് ചുറ്റും നൂറുകണക്കിന് വള്ളങ്ങൾ ഇറക്കിയായിരുന്നു കടൽ മാർഗമുള്ള പ്രതിഷേധം. ബാരിക്കേഡുകളും ഗേറ്റുകളും മരികടന്ന സമരക്കാര്‍ പദ്ധതി പ്രദേശത്തെ ടവറിന് മുകളിൽ കൊടി നാട്ടി.