കൊച്ചി: എറണാകുളത്ത് കൂടുതല്‍ ഇടങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്. പോലീസ് കൊവിഡ് പരിശോധനയ്ക്ക് മാത്രമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയായി എറണാകുളം മാറി. പ്രോട്ടോകോള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും വീടുകള്‍തോറും ഉള്ള പരിശോധനകളും ശക്തമാക്കുമെന്നും കാര്‍ത്തിക് വ്യക്തമാക്കി. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ജോലിക്ക് പോകുന്നവര്‍ ജോലി സ്ഥലത്ത് തന്നെ താമസിക്കേണ്ടി വരും എന്നും കെ കാര്‍ത്തിക് അഭിപ്രായപ്പെട്ടു.
എറണാകുളത്ത് കൊവിഡ് സാഹചര്യം രൂക്ഷമാകുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍ കെ കുട്ടപ്പനും വ്യക്തമാക്കി. 100ല്‍ അഞ്ച് പേര്‍ക്ക് ഓക്സിജന്‍ ബെഡും രണ്ട് പേര്‍ക്ക് ഐസിയു ബെഡും വേണ്ടി വരുന്ന അവസ്ഥയാണ് നില നില്‍ക്കുന്നത്. നിലവിലുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണ്. വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ മെഡിക്കല്‍ ആവശ്യത്തിനായി ഉപയോഗിക്കേണ്ടിവരുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമാണ് ജില്ലയിലെന്നും അദ്ദേഹം പറഞ്ഞു.