KeralaNews

ഡി.ജെ പാര്‍ട്ടിക്കെത്തുന്ന പെണ്‍കുട്ടികളെ സൈജു ദുരുപയോഗം ചെയ്തിരുന്നുവെന്ന് പോലീസ്

കൊച്ചി: കാര്‍ അപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ സൈജു തങ്കച്ചനെതിരെ കൂടുതല്‍ കണ്ടെത്തലുകളുമായി പോലീസ്. ഡിജെ പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുത്തിരുന്ന സൈജു, പാര്‍ട്ടിക്കെത്തുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു.

സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ചും പോലീസിന് സൂചന കിട്ടിയിട്ടുണ്ട്. ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കാനെത്തുന്ന പെണ്‍കുട്ടികള്‍ക്ക് ലഹരി മരുന്ന് നല്‍കി ദുരുപയോഗം ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് പോലീസിന് ചില ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. മോഡലുകളും സുഹൃത്തുക്കളും മദ്യപിച്ചുള്ള യാത്ര തടയുകയെന്ന ലക്ഷ്യത്താലാണ് താന്‍ അവരുടെ കാറിനെ പിന്തുടര്‍ന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. അത് നുണയാണെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. തെറ്റായ ഉദ്ദേശ്യത്തോട് കൂടിയാണ് ഇയാള്‍ മോഡലുകളെ പിന്തുടര്‍ന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.

ഡി.ജെ പാര്‍ട്ടി നടന്ന ഹോട്ടലില്‍ വച്ച് സൈജുവും ഇരുയുവതികളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. അതിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ നിന്ന് ഇറങ്ങിയ യുവതികളെ സൈജു കാറില്‍ പിന്തുടര്‍ന്നു. കുണ്ടന്നൂരില്‍ വച്ച് അവരുടെ കാര്‍ സൈജു തടഞ്ഞുനിര്‍ത്തി. അവിടെ വച്ചും തര്‍ക്കം നടന്നു. പിന്നീടും യുവതികളുടെ കാറിനെ സൈജു പിന്തുടര്‍ന്നപ്പോഴാണ് അതിവേഗത്തില്‍ കാറോടിച്ചതും അപകടമുണ്ടായതും എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കുണ്ടന്നൂര്‍ വരെ സാധാരണ വേഗതയിലാണ് കാറുകള്‍ സഞ്ചരിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സൈജു പിന്തുടരുന്നത് കണ്ട് കുണ്ടന്നൂരില്‍ വെച്ച് മോഡലുകള്‍ സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ കാര്‍ നിര്‍ത്തി. ഇവിടെ വച്ച് സൈജുവുമായി തര്‍ക്കമുണ്ടായി. ഇതിന് ശേഷമാണ് ഇരുകാറുകളും അമിത വേഗതയില്‍ പായുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പല തവണ ഇരുകാറുകളും പരസ്പരം ഓവര്‍ടേക് ചെയ്തു. ഇതാണ് അപകടത്തിനിടയാക്കിയതെന്നും പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button