കണ്ണൂര്‍: വീട്ടില്‍ നിന്നു അഴിച്ചുവിട്ട വളര്‍ത്തുനായ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഉപദ്രവിച്ച് നാശനഷ്ടം വരുത്തിയതായി പരാതി. അഴിച്ചുവിട്ട വളര്‍ത്തുനായ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ഉപദ്രവിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ ഉടമസ്ഥനെതിരേ പോലീസ് കേസെടുത്തു.
പയ്യന്നൂര്‍ കൊക്കാനിശേരിയിലെ ശ്വേത അശോകിന്റെ പരാതിയിലാണ് കൊക്കാനിശേരി മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ജനാര്‍ദ്ദനനെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാസം 12നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ ശ്വേത ഭര്‍ത്താവുമൊത്ത് സ്‌കൂട്ടറില്‍ പോകവെ അഴിച്ചുവിട്ടിരുന്ന ജനാര്‍ദ്ദനന്റെ വളര്‍ത്തുനായ ഇവരുടെ സ്‌കൂട്ടറിന് നേരേ ഓടിയെത്തുകയും പരാതിക്കാരിയുടെ വസ്ത്രം കടിച്ചുവലിച്ചതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.
അപകടത്തില്‍ പരാതിക്കാരിക്ക് പരിക്കേല്‍ക്കുകയും വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്ന ലാപ്ടോപ്പിന് കേടുപാടുകള്‍ സംഭവിച്ചതായും പരാതിയില്‍ പറയുന്നു. വളര്‍ത്തുമൃഗത്തെ അശ്രദ്ധമായി അഴിച്ചുവിട്ടതിലൂടെ ബോധപൂര്‍വമായ അപകടത്തിന് ഇടയാക്കിയ കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് ഉടമസ്ഥനെതിരേ കേസെടുത്തത്.