FeaturedHome-bannerKeralaNews

കൊച്ചിയിലെ പോലീസ് മാമൻമാർ സൂപ്പർ,ഏഴാം ക്ലാസുകാരി കീർത്തനയ്ക്ക് മോഷണം പോയ സൈക്കിള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ ലഭിച്ചു

കൊച്ചി: മഹാമാരിക്കിടയിലും വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയാണ് തങ്ങള്‍ പുലര്‍ത്തുന്നതെന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്കൊച്ചി സിറ്റി പൊലീസ്. മോഷണം പോയ സൈക്കിള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കണ്ടെത്തിയത്.

വ്യാഴാഴ്ചയാണ് സൈക്കിള്‍ മോഷണം പോയെന്ന് അറിയിച്ചു കൊണ്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ. നിസാറിന്റെ മൊബൈല്‍ ഫോണിലേക്ക് കീര്‍ത്തന എന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ഫോണ്‍ വന്നത്.

എറണാകുളത്ത് കേന്ദ്രീയ വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കീര്‍ത്തന, കുടുംബത്തോടൊപ്പം, മഹാരാജാസ് കോളെജിനു സമീപം വാടകയ്ക്കു താമസിക്കുകയാണ്. കഴിഞ്ഞ ദിവസം സ്വന്തം നാട്ടില്‍ പോയി തിരികെ വന്നപ്പോള്‍ വാടക വീട്ടില്‍ നിന്നും സൈക്കിള്‍ മോഷണം പോയെന്നും അത് കണ്ടെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചാണ് കീര്‍ത്തന വിളിച്ചത്.

കൊവിഡ് ഡ്യൂട്ടിത്തിരക്കിനിടയിലും ആ കുട്ടിയുടെ ആവശ്യം അവഗണിക്കാതെ അന്വേഷണത്തിനായി നിര്‍ദേശം നല്‍കുകയും ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ സെന്‍ട്രല്‍ പൊലീസ്ടീം സൈക്കിള്‍ കണ്ടെത്തുകയും ചെയ്തു.

സൈക്കില്‍ കണ്ടെത്തിയതായുള്ള സന്തോഷ വാര്‍ത്ത ഫോണിലൂടെ അറിയിച്ചപ്പോള്‍ സന്തോഷത്തോടെ വാക്കുകള്‍ കൊണ്ട് കീര്‍ത്തന നന്ദിയറിയിച്ചതോടൊപ്പം ആ കൊച്ചു മിടുക്കി നിസാര്‍ സാറിന്റെ വാട്‌സാപ്പില്‍ ഒരു കത്ത് കൂടി അയച്ചു. നന്ദിയറിയിച്ചുള്ള ഒരു എഴുത്തും പൊലീസിന്റെ ചിത്രവുമെല്ലാം അടങ്ങിയ പോസ്റ്റായിരുന്നു അത്.

ആക്രി പെറുക്കാന്‍ നടന്നവരായിരുന്നു സൈക്കിള്‍ മോഷ്ടിച്ചത്. മോഷ്ടിച്ചു പോകും വഴി പൊലീസിന്റെ പരിശോധനയില്‍ പിടിവീഴുകയായിരുന്നു. കീര്‍ത്തനയുടെ കോള്‍ ഇന്‍സ്‌പെക്ടര്‍ നിസാറിന്റെ ഫോണിലേക്കു വരുന്നതിനു മുന്‍പു തന്നെ പൊലീസ് സൈക്കിള്‍ മോഷ്ടാവിനെ പിടികൂടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button