കോട്ടയം: നിര്‍ഭയമായി പൊതുപ്രവര്‍ത്തനം നടത്താനുള്ള അവസരം ഉണ്ടാകണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. വധഭീഷണി കത്ത് ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വസ്തുതകള്‍ പോലീസും സര്‍ക്കാരും പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീഷണിക്കത്ത് ജയിലില്‍ നിന്നും എഴുതിയതായിരിക്കാം. അങ്ങോട്ടു തന്നെ മടങ്ങേണ്ടതാണല്ലോ എന്ന കത്തിലെ വരികളാണ് ജയിലില്‍ നിന്നാണെന്ന് കരുതാന്‍ ഇടയാക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഇതിനിടെ പോലീസ് തിരുവഞ്ചൂരിന്റെ മൊഴിയെടുത്തു. കോട്ടയം വെസ്റ്റ് പോലീസാണ് വ്യാഴാഴ്ച രാവിലെ തിരുവഞ്ചൂരിന്റെ ഓഫീസിലെത്തി മൊഴിയെടുത്തത്. തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നായിരിന്നു ഭീഷണിക്കത്തില്‍ പറഞ്ഞിരുന്നത്. എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്.
അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തിരുവഞ്ചൂര്‍ പരാതി നല്‍കിയിട്ടുണ്ട്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ടി.പി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു.