അമ്മയുടെ ശസ്ത്രക്രിയയ്ക്ക് അവധി കിട്ടിയില്ല: ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ കുറിപ്പിട്ട പോലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു

തൃശ്ശൂർ: അവധി കിട്ടാത്തതിനാൽ അമ്മയുടെ ശസ്ത്രക്രിയ മൂന്നുതവണ മാറ്റിവയ്ക്കേണ്ടിവന്ന സങ്കടവും ജോലിയിലെ സമ്മർദങ്ങളും ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ പങ്കിട്ട സിവിൽ പോലീസ് ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ചു.

തൃശ്ശൂർ റൂറൽ പോലീസിന്റെ പരിധിയിലുള്ള വെള്ളിക്കുളങ്ങര സ്റ്റേഷനിലെ സിപിഒ ആണ് കൊരട്ടിയിലെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചത്. തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ ഫാൻ പൊട്ടിവീണ് മുഖത്ത് പരിക്കേറ്റ് 17 തുന്നലിട്ടിട്ടുണ്ട്.

സ്റ്റേഷനിൽ ഒൻപതു പോലീസുകാരുടെ കുറവുണ്ടെന്നും അത് പരിഹരിക്കുന്നതിൽ റൂറൽ എസ്‍പിക്ക് താത്പര്യക്കുറവാണെന്നും വാട്സാപ്പ് സന്ദേശത്തിൽ കുറ്റപ്പെടുത്തുന്നു. വെള്ളിക്കുളങ്ങര സ്റ്റേഷനോടുള്ള വിവേചനം ആവശ്യപ്പെട്ട പണം പിരിച്ചുെകാടുക്കാത്തതു കൊണ്ടാണോ എന്നും ചോദിക്കുന്നുണ്ട്.

എസ്‍പിയുടെ പേര് എഴുതിവെച്ച് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും സന്ദേശത്തിൽ പറയുന്നു.  സന്ദേശം ഗ്രൂപ്പിൽനിന്ന്‌ ഡിലീറ്റ് ചെയ്യിച്ചിരുന്നു. എന്നാൽ ചിലർ അതിനുമുന്നേ ഇത് പകർത്തി സൂക്ഷിച്ചു.

അതേസമയം, സ്റ്റേഷൻ ഹൗസ് ഓഫീസറാണ് അവധി അനുവദിക്കേണ്ടതെന്ന് തൃശ്ശൂർ റൂറൽ എസ്‍പി ബി. കൃഷ്ണകുമാർ പ്രതികരിച്ചു. കേരള പോലീസ് സേനയിൽ കഴിഞ്ഞ പത്തുവർഷം ആത്മഹത്യചെയ്തത് 161 പേരാണ്. ഇക്കൊല്ലം മാത്രം ഒൻപതുേപർ മരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News