കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി പോലീസ്. നടൻ മരിച്ചുകിടന്ന കാറിൽ നടത്തിയ പരിശോധനയിൽ തകരാറൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷണത്തിന് പോലീസ് തയ്യാറെടുക്കുന്നത്. മോട്ടോർ വാഹന വകുപ്പും, ഫോറൻസിക് വിഭാഗവും ചേർന്നാണ് കാറിൽ പരിശോധന നടത്തിയത്.
കാർ പരിശോധിക്കാനായി വിദഗ്‌ധരായ മെക്കാനിക്കൽ എഞ്ചിനീയർമാരെ കൊണ്ട് വരാനാണ് പോലീസ് തീരുമാനം. മരണകാരണം കാർബൺ മോണോക്‌സൈഡ് സാന്നിധ്യം ആയതിനാൽ കാറിന്റെ സാങ്കേതിക തകരാർ ആയിരിക്കും ഇതിലേക്ക് നയിച്ചതെന്ന വിലയിരുത്തലിലായിരുന്നു പോലീസ്. എന്നാൽ ആദ്യഘട്ട പരിശോധനയിൽ കാറിന് തകരാർ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നതാണ് പോലീസിനെ കുഴക്കുന്നത്.
ശനിയാഴ്‌ച വൈകീട്ടായിരുന്നു നടനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം പാമ്പാടിയിലെ ബാറിന് സമീപം നിർത്തിയിട്ടിരുന്ന കാറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ വന്ന് നോക്കുകയായിരുന്നു.
ഗ്ലാസ് തട്ടി വിളിച്ചെങ്കിലും വിനോദ് എഴുന്നേറ്റില്ല. ഇതോടെ ഇയാൾ മറ്റ് ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് കാറിന്റെ ചില്ല് തകർത്തപ്പോഴാണ് നടനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പൊത്തൻപുറം ഉണക്കപ്ലാവ് സ്വദേശിയായിരുന്നു വിനോദ് തോമസ്. 47 വയസായിരുന്നു. ഫഹദ് ഫാസിൽ നായകനായ വികെ പ്രകാശ് സംവിധാനം ചെയ്‌ത ‘നത്തോലി ഒരു ചെറിയ മീനല്ല’ എന്ന ചിത്രത്തിലൂടെയായിരുന്നു വിനോദ് തോമസിന്റെ സിനിമ അരങ്ങേറ്റം. ശേഷം തുടർച്ചയായി ചെറിയ വേഷങ്ങൾ ചെയ്‌തു ശ്രദ്ധേയനായി.
ഗോഡ്‌സ് ഓൺ കൺട്രി, ജോൺപോൾ വാതിൽ തുറക്കുന്നു, ഒരു മുറൈ വന്തു പാർത്തായാ, ഹാപ്പിവെഡിങ് , മറുപടി, അയാൾ ശശി, ഒരായിരം കിനാക്കളാൽ, തരംഗം, കുട്ടൻപിള്ളയുടെ ശിവരാത്രി, നോൺസെൻസ്, ജൂൺ, ജനമൈത്രി, അയ്യപ്പനും കോശിയും, കുറി തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു. ഇതിന് പുറമെ നിരവധി ഷോട് ഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.