KeralaNews

വനിതാ പോലീസിനെ ആക്രമിച്ച ശേഷം ഇന്നോവയില്‍ പാഞ്ഞ പ്രതികളെ പിടികൂടാനുള്ള ചെയ്‌സിങ്ങിനിടെ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു; പിന്നീട് സംഭവിച്ചത്

തിരുവനന്തപുരം: വനിതാ പോലീസിനെ ആക്രമിച്ച പ്രതികളെ പിടികൂടാന്‍ അവരുടെ വാഹനത്തെ പിന്തുടര്‍ന്ന പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. വാടകയ്ക്കെടുത്ത ഇന്നോവ വാഹനത്തില്‍ കടന്നുകളഞ്ഞ പ്രതികളെ പിന്നീട് കൊല്ലം കൊട്ടിയത്തുവെച്ച് വാഹന ഉടമയുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പെരിങ്ങമ്മല കുണ്ടാളന്‍കുഴിയില്‍ വച്ചാണ് സംഭവം നടന്നത്.

പറക്കോണം തടത്തരികത്ത് അനു എന്ന സുമേഷ് (20), ജവഹര്‍ കോളനി ബ്ലോക്ക് നമ്പര്‍ 15ല്‍ അന്‍സില്‍ (21), പെരിങ്ങമ്മല പറക്കോണം രഞ്ജിത് ഭവനില്‍ രതീഷ് (30) എന്നിവരാണ് അറസ്റ്റില്‍ ആയത്. മാല മോഷണം ഉള്‍പ്പടെയുള്ള നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനെ അറിയിച്ചതിലുള്ള വൈരാഗ്യം മൂലം വനിതാ പൊലീസിനെ മര്‍ദിക്കുകയും പിന്നീട് മുങ്ങുകയുമായിരുന്നു പ്രതികള്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തു നിന്ന് ബൈക്ക് മോഷണം നടത്തി കറങ്ങി നടക്കുകയായിരുന്നു. പിന്നീട് ആ ബൈക്ക് നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച ശേഷം, പ്രതികളില്‍ ഒരാളുടെ ബൈക്കില്‍ മൂന്ന് പേരും കൂടി സഞ്ചരിച്ച് നെടുമങ്ങാട് കരിപ്പൂര്‍, മലമ്പറക്കോണം, ആര്യനാട്, പറണ്ടോട്, ചേരപ്പള്ളി, എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലെ കടയ്ക്കല്‍ കിരാല എന്ന സ്ഥലത്തു നിന്നും മോഷണം നടത്തി.

സ്ത്രീകള്‍ മാത്രമുള്ള കടയില്‍ കയറി സിഗരറ്റും മറ്റും വാങ്ങിയ ശേഷം കടയുടമകളായ സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു കടന്നുകളയുന്നതാണ് ഇവരുടെ രീതി. തുടര്‍ന്ന് പെരിങ്ങമ്മല മീരന്‍പെട്ടിക്കരിക്കകം റിയാസ് മന്‍സിലില്‍ റിയാസി (26)ന്റെ സഹായത്തോടെ മടത്തറ, പാലോട് എന്നിവിടങ്ങളിലെ വിവിധ ജ്വല്ലറികളില്‍ വില്‍ക്കുകയും ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പണയം വയ്ക്കുകയും ചെയ്യും. ആ പണം ഉപയോഗിച്ച് ആഡംബര വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് കറങ്ങി നടക്കുന്നതിനിടയില്‍ ആണ് ഇവര്‍ പിടിയിലാകുന്നത്.

പറക്കോണം ക്ഷേത്രോത്സവത്തിന് പ്രതികള്‍ എത്തിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. പോലീസ് വാഹനം കണ്ടതും വാടകയ്ക്കെടുത്ത കാറില്‍ പ്രതികള്‍ പാഞ്ഞു. പിന്നാലെ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസും. കുണ്ടാളന്‍കുഴിയില്‍ എത്തിയപ്പോള്‍ കോണ്‍ക്രീറ്റ് റോഡില്‍ നിയന്ത്രണംവിട്ട് പൊലീസ് ജീപ്പ് മറിയുകയായിരുന്നു. പ്രതികളെ പിടിക്കാന്‍ പെരിങ്ങമ്മല, പാലോട് ഭാഗങ്ങളില്‍ നാട്ടുകാരും കൂടി നിന്നെങ്കിലും ചിപ്പന്‍ചിറ വഴി കൊട്ടിയത്തേക്കു പ്രതികള്‍ കടന്നുകളയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button