KeralaNews

അതെല്ലാം വീരവാദങ്ങളോ? കൊന്ന് മെട്രോയുടെ പില്ലറില്‍ കുഴിച്ചുമുടിയതുള്‍പ്പെടെയുള്ള മോന്‍സന്റെ വാദങ്ങള്‍ അന്വേഷിക്കും

കൊച്ചി: മുംബൈയില്‍ വെച്ച് ഒരാളെ വെടിവെച്ചുകൊന്ന് മെട്രോയുടെ പില്ലറില്‍ കൊണ്ടിട്ടുണ്ടെന്ന് ഉള്‍പ്പെടെ മോന്‍സന്‍ മാവുങ്കന്‍ പരാതിക്കാരോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം. തനിക്ക് മുംബൈ അധോലോകവുമായി ബന്ധമുണ്ടെന്നും പരാതിക്കാരോട് മോന്‍സന്‍ പറഞ്ഞിരുന്നു. പരാതിക്കാരുടെ മൊഴി കണക്കിലെടുത്താണ് മോന്‍സന്റെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷണ സംഘം പരിശോധിക്കുന്നത്.

മോന്‍സന്‍ തന്നെ പരാതിക്കാരോട് പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ഒരാളെ കൊലപ്പെടുത്തിയെന്ന് മോന്‍സന്‍ പറഞ്ഞത് ശരിയാണോ എന്ന് പരിശോധിക്കും. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇതിനിടയില്‍ പരിക്കേറ്റിരുന്നുവെന്നും മോന്‍സന്‍ പറഞ്ഞിരുന്നു. മറ്റുള്ളവരെ ഭയപ്പെടുത്താനും ആളാകാനും വേണ്ടി മോന്‍സണ്‍ പറഞ്ഞ വീരവാദങ്ങളാവാം ഇതെല്ലാം എന്നാണ് അന്വേഷണ സംഘം ആദ്യം വിലയിരുത്തിയത്.

എന്നാല്‍ ഡല്‍ഹിയിലടക്കം വലിയ ബന്ധങ്ങള്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് വിശദ അന്വേഷണത്തിലേക്ക് പോകുന്നത്.അതിനിടയില്‍ മോന്‍സണ്‍ മാവുങ്കലിനെതിരേ ഒരു കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു. പുരാവസ്തു വ്യാപാരി സന്തോഷ് നല്‍കിയ പരാതിയിലാണിത്. ശില്പങ്ങള്‍ വാങ്ങിയ ശേഷം മൂന്നുകോടി രൂപ നല്‍കാതെ കബളിപ്പിച്ചു എന്നാണ് പരാതി. മോന്‍സണിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളില്‍ ഏറെയും സന്തോഷ് നിര്‍മിച്ച് നല്‍കിയവയായിരുന്നു.മോന്‍സന്റെ വിദേശ ബന്ധവും അന്വേഷിക്കുന്നുണ്ട്.

മോന്‍സണുമായി വിദേശത്തു നിന്ന് നിരന്തരം ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കള്ളപ്പണത്തിന്റെ സാന്നിധ്യം മോന്‍സണ്‍ന്റെ ഇടപാടുകളില്‍ സംശയിക്കുന്നുണ്ട്. മോന്‍സണിലൂടെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെടുത്തിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നി?ഗമനം. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഒളിച്ചുതാമസിക്കാന്‍ മോന്‍സണ്‍ സഹായം നല്‍കി എന്നതുള്‍പ്പെടെയുള്ള സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്.

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കബളിപ്പിച്ചത് 25 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിന്നു. ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍ നേരിട്ട് നടത്തിയെന്ന് അനുമാനിക്കുന്നെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. മോന്‍സണ്‍ മാവുങ്കല്‍ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

പണം ചിലവഴിച്ചതിനെ പറ്റി നിലവില്‍ രേഖകളില്ലാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. നക്ഷത്ര ഹോട്ടലുകളില്‍ അടക്കം മോന്‍സണ്‍ ചില ഇവന്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഇവയുടെ പണമിടപാടും അന്വേഷിക്കുകയാണ്. മോന്‍സന്റെ അടുത്ത സഹായികളുടെ ബാങ്ക് ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. മോന്‍സണ്‍ എഡിഷന്‍, കലിംഗ ഉള്‍പ്പെടെ മൂന്ന് കമ്പനികള്‍ ഇയാളുടെ പേരിലുണ്ടെങ്കിലും ഇവ വ്യാജമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കമ്പനികളുമായി ബന്ധപ്പെട്ട ഒരു രേഖകളും മോന്‍സന്റെ പക്കലില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button