ഇടുക്കി: വ്യാജവാറ്റ് കേസില്‍ അച്ഛനും മകനും അറസ്റ്റിലായതോടെ, വഴിയാധാരമായ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസുകാര്‍ മാതൃകയായി. കാളികാവ് പോലീസാണ് നാലുകുട്ടികളും മൂന്നു സ്ത്രീകളുമടങ്ങുന്ന കുടുംബത്തിന് തുണയായി മാറിയത്. വീട്ടുചെലവ് നടത്തിയിരുന്നവര്‍ ജയിലിലായതോടെ നിരാലംബമായ കുടുംബത്തിന്റെ സംരക്ഷണം പോലീസ് ഏറ്റെടുക്കുകയായിരുന്നു.
കാളികാവ് സ്റ്റേഷന്‍ പരിധിയിലെ മാളിയേക്കലില്‍നിന്നാണ് അച്ഛനെയും മകനെയും അബ്കാരി കേസില്‍ കാളികാവ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പിടിയിലായ ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ പിടികൂടാന്‍ നേതൃത്വം നല്‍കിയ പോലീസുകാരായ ആഷിഫും പ്രിന്‍സ് കോയയും അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ദുരിതാവസ്ഥ നേരിട്ട് കണ്ടത്.
ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ ചെറിയ കുടിലില്‍ മൂന്ന് സ്ത്രീകളും നാലുകുട്ടികളും അടക്കം ഏഴുപേര്‍. വീട്ടുസാധനങ്ങള്‍ ഒന്നുമില്ലാത്ത കുടുംബത്തിന്റെ അവസ്ഥ പോലീസുകാര്‍ ഇന്‍സ്പെക്ടര്‍ ജ്യോതീന്ദ്രകുമാറിനെ അറിയിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞദിവസം പൊലീസ് സംഘം വീട്ടിലെത്തി പ്രായമായ അമ്മയെ സമാധാനിപ്പിക്കുകയും വീട്ടുസാധനങ്ങള്‍ നല്‍കുകയും ചെയ്തു. അച്ഛനും മകനും ജയില്‍ മോചിതരാവുന്നതുവരെ കുടുംബത്തെ സംരക്ഷിക്കാനാണ് പോലീസുകാരുടെ തീരുമാനം.