പാലക്കാട്: ഞായറാഴ്ച ലോക്ക്ഡൗൺ ദിനത്തിൽ ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റക്കൈകൊണ്ട് അപകടകരമാംവിധം സ്കൂട്ടർ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞുനിർത്തി ശാസിച്ച് പോലീസ്. ഒറ്റ കൈ കൊണ്ട് സ്കൂട്ടർ ഓടിക്കാൻ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞതിനെ തുടർന്ന് യാത്രക്കാരൻ ബന്ധുവിനെ വിളിച്ചുവരുത്തി യാത്ര തുടർന്നു. ഞായറാഴ്ച പാലക്കാട് താരേക്കാടാണ് സംഭവം.
തെരുവ് നായകൾ കുറുകെ ചാടിയും ചെറിയ കുഴിയിൽ വീണ് മറിഞ്ഞും നിരത്തിൽ ജീവൻ പൊലിയുന്ന പതിവ് അപകട കാഴ്ചകൾക്കിടയിലാണ് സ്വന്തം മകളേയും തോളിലേറ്റി പുത്തൂർ സ്വദേശിയായ യുവാവ് ഒറ്റകൈ കൊണ്ട് വാഹനമോടിച്ചെത്തിയത്. ചക്കന്തറയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോവുകയാണെന്നാണ് പോലീസിനോട് പറഞ്ഞത്.
എന്നാൽ ഇങ്ങനെ യാത്രചെയ്യാൻ പറ്റില്ലെന്നും ഓട്ടോ വിളിച്ച് പോയ്ക്കോളൂവെന്നും ആദ്യം പോലീസ് നിർദേശിച്ചെങ്കിലും പിന്നീട് ബന്ധുവിനെ വിളിച്ചുവരുത്തി കൂടെ വിടുകയായിരുന്നു.സാഹസികമായി യാത്രചെയ്ത് അപകടങ്ങൾ വിളിച്ചുവരുത്തരുതെന്ന് ശാസിച്ചാണ് യുവാവിനെ പോലീസ് പറഞ്ഞുവിട്ടത്.