ആളെ കുറച്ച് വിവാഹം നടത്തിയാല്‍ പോലീസിന്റെ വക സമ്മാനം!

കോഴിക്കോട്: വിവാഹത്തില്‍ പങ്കെടുക്കാന്‍ അതിഥികളെ കുറച്ച് മാത്രം ക്ഷണിച്ചാല്‍ പോലീസിന്റെ വക സമ്മാനം ലഭിക്കും. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പാലിച്ച് മാതൃകയാകുന്ന ദമ്പതികള്‍ക്ക് സമ്മാനം നല്‍കുന്നത്. കോഴിക്കോട് റൂറല്‍ പോലീസിന്റെ നേതൃത്വത്തിലാണ് പുതിയ സമ്മാന പദ്ധതി.

വൈക്കിലിശേരിയിലെ നവവധൂവരന്‍മാര്‍ക്കാണ് വടകര റൂറല്‍ എസ്പിയില്‍ നിന്നും ആദ്യ സമ്മാനം ലഭിച്ചത്. ലിന്റോ മഹേഷ് -കാവ്യ എന്നിവരുടെ വിവാഹത്തിന് വടകര റൂറല്‍ എസ് പി നേരിട്ടെത്തി. ഇരുവര്‍ക്കും അനുമോദനപത്രവും നല്‍കി. കൂടുതല്‍ പേര്‍ മാതൃകാ ചടങ്ങുകള്‍ നടത്തുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കര്‍ശന നിര്‍ദേശങ്ങള്‍ അവഗണിച്ചും അതിഥികളെ ക്ഷണിക്കുന്നവര്‍ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മിതമായ രീതിയില്‍ ആളുകളെ പങ്കെടുപ്പിച്ച് ലളിതമായ രീതിയില്‍ വിവാഹ ചടങ്ങുകള്‍ നടത്തുന്നത് പ്രോത്സാഹിപ്പിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News